തണല്‍ മരങ്ങള്‍ ബാക്കിയുണ്ട്

ചെറുകഥ

thanalmarangal3

കെ. രാജഗോപാല്‍

മൈക്കിള്‍ ഫെര്‍ണാണ്ടസിന്,
ഞാന്‍ നിനക്കെഴുതുന്ന അവസാനത്തെ കുറിപ്പായിരിക്കാം ഇത്. വൃഥാസ്ഥൂലവും ആവര്‍ത്തനവിരസവുമായ ഒരു തിരിഞ്ഞുനോട്ടമായി ഇത് നിനക്കനുഭവപ്പെടാം. മുരിക്കിന്‍ തണ്ടിലൂടെ വിരലോടിക്കുമ്പോഴെന്നപോലെ ഇടയ്ക്കിടെ നീ മുറിപ്പെട്ടു എന്നു വരാം.
ഏറ്റുപറച്ചിലിന്റെ മര്യാദകള്‍ എത്ര ക്രൂരവും നിശിതവുമാണെന്ന് നിനക്കറിയാമല്ലോ.
അതുകൊണ്ടുതന്നെ ഒരടുക്കും ചിട്ടയുമൊന്നും ഈ കുറിപ്പില്‍ പ്രതീക്ഷിക്കരുത്. വായനയുടെ കവലകളിലെങ്ങും പതറിപ്പോകുകയും അരുത്.
(ഫാദര്‍ ദെമത്രിയോസ് തന്റെ വട്ടക്കണ്ണടയിലൂടെ ഈ കുറിപ്പില്‍ പരതുന്നതും നിന്റെ ചെവിയിലേക്ക് എന്റെ വരികളെ വായിച്ചു കേള്‍പ്പിക്കുന്നതും എനിക്കിപ്പോള്‍ കാണാം.
ഏതായാലും നിന്നെ വേദനിപ്പിക്കുകയല്ല് ഈ കുറിപ്പിന്റെ ഉദ്ദേശ്യം എന്നറിയുക.
ആമുഖമോ അടിക്കുറിപ്പോ ഇല്ലാത്ത ജീവിതമായിരുന്നു നമ്മുടേത്. എങ്കിലും അതേപ്പറ്റി എഴുതുമ്പോള്‍ ഇങ്ങനെയൊരു മുഖക്കുറിപ്പ് അനിവാര്യമാകുന്നു.
എന്തുചെയ്യാം….. സംഭവങ്ങള്‍ക്ക് ഒട്ടും ആവശ്യമില്ലാത്ത ആഡംബരങ്ങളെപ്പറ്റിപ്പോലും പുരാവൃത്തങ്ങള്‍ ശാഠ്യം പിടിക്കുന്നു.
സെന്റ് ഡിക്രൂസ് അനാഥാലയത്തിന്റെ ഈര്‍പ്പം ഇഴഞ്ഞേറുന്ന ഡോര്‍മിറ്ററിയില്‍ നിന്നും എന്റെ ഓര്‍മ്മ ആരംഭിക്കുകയാണ്. ആദിമസ്മരണ ഒരു ദുഃസ്വപ്നത്തിന്റേതാണെന്നുവരുന്നതുതന്നെ നല്ല ശകുനമല്ല. എങ്കിലും എനിക്കതില്‍നിന്നും രക്ഷപ്പെടാനാവില്ല. അതിനു പിന്നിലേക്ക് എന്റെ മനസ്സില്‍ ഒന്നുമില്ല.
ശുദ്ധശൂന്യതയായിരിക്കണം, അല്ലെങ്കില്‍ ഇടതൂര്‍ന്ന ബാഹുല്യം.
പക്ഷേ, എനിക്കൊന്നും സൂക്ഷിക്കാനായില്ല. അതുകൊണ്ടുതന്നെ ഈ ദുഃസ്വപ്നം പലപ്പോഴും എന്റെ നിദ്രകളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
ആദ്യാനുരാഗത്തിന്റെ നേര്‍ത്ത നിറക്കൂട്ടുമായല്ല; അന്ത്യവിധിയുടെ നിശിതമായ വാള്‍മുനപോലെ…
അതെ-ഞാന്‍ സ്വപ്നത്തിലേക്ക് മടങ്ങുകയാണ്. സന്ധ്യാനമസ്‌കാരം കഴിഞ്ഞ് ഞാനും ഇരുട്ടും മലമുകളിലെ ദേവാലയത്തിന്റെ ചെങ്കുത്തായ പടിക്കെട്ടുകല്‍ ഇറങ്ങിവരികയാണ്. താഴ്‌വാരത്തിലെ വാകമരങ്ങളില്‍ വെയിലുകള്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. മലനിരകളില്‍ നിന്നും ഉയരുന്ന പുകമഞ്ഞില്‍ രാത്രി മേഘങ്ങള്‍ ഒഴുകിനടന്നു.
ഞാന്‍ ഒറ്റയായിരുന്നു. ഭയത്തിന്റെ ഇരുട്ട് എന്നെ ഗ്രസിച്ചു. എനിക്ക് വിറയലും വീര്‍പ്പുമുട്ടലും അനുഭവപ്പെട്ടു. പായല്‍പിടിച്ച പടികളില്‍ ഇടയ്ക്കിടെ ഞാന്‍ വഴുതിവീണു.
പെട്ടെന്ന് ശവപ്പറമ്പിലെ കല്ലറകളുടെ മൂടികള്‍ പിളരുകയും അവയ്ക്കുള്ളില്‍ നിന്നും ഒരു സംഘം കാട്ടുനായ്ക്കള്‍ എന്റെ നേരെ കുരച്ചാര്‍ക്കുകയും ചെയ്തു.
അവയുടെ ഗര്‍ജ്ജനത്തില്‍ എന്റെ നിലവിളി മുങ്ങിപ്പോയി. അലറിവിളിച്ചുകൊണ്ട് അനാഥാലയത്തിന്റെ ഗേറ്റുകടന്ന് ഞാന്‍ ഉള്ളിലേക്ക് കുതിക്കുമ്പോഴേക്കും നായ്ക്കളും എന്റെ തൊട്ടുപിന്നിലെത്തിക്കഴിഞ്ഞിരുന്നു.
വരാന്തയില്‍ വാര്‍ഡനും സിസ്റ്റര്‍ അന്നാമേരിയും മറ്റ് അന്തേവാസികളും എന്റെ ഓട്ടംകണ്ട് അട്ടഹസിച്ചപ്പോള്‍ ഞാന്‍ വീണ്ടും തളര്‍ന്നു.
പക്ഷേ, എന്റേതായി ഒരുനിമിഷംപോലും ബാക്കിയുണ്ടായിരുന്നില്ല. ഞാന്‍ ഓടിക്കൊണ്ടേയിരുന്നു.
നെയ്ത്തുശാലയിലെ തറികള്‍ക്കും പാവുകള്‍ക്കുമിടയില്‍ കുരുങ്ങിപ്പിടഞ്ഞ്, ഇടനാഴികളില്‍നിന്നും ഇടനാഴികളിലേക്ക്.
ഒടുവില്‍ നായ്ക്കളാല്‍ വലയപ്പെട്ട് ഗത്യന്തരമില്ലാതെ മുകള്‍നിലയുടെ ടെറസ്സില്‍നിന്നും താഴേക്ക് പതിക്കുമ്പോള്‍ എന്നെ വരിഞ്ഞുമുറുക്കിയ കൈകള്‍ നിന്റേതായിരുന്നു.
എന്റെ നെറ്റിമേല്‍ കുരിശുമാല മുത്തിക്കൊണ്ട് നീ പ്രാര്‍ത്ഥിക്കുന്നതു കേട്ടാണ് ഞാനുണര്‍ന്നത്.
”സര്‍വ്വശക്തനായ പിതാവേ….. ദുഃസ്വപ്നങ്ങളെ ഞങ്ങളില്‍നിന്നും അകറ്റേണമേ…”
ഒരു ഡിസംബര്‍ രാത്രിയുടെ മരവിച്ച ഇരുട്ടില്‍ സെന്റ് ഡിക്രൂസ്… അനാഥാലയത്തിലെ ഡോര്‍മിറ്ററിയില്‍ വച്ച് ദുഃസ്വപ്നരഹിതമായ രാത്രിക്കുവേണ്ടി നീ പ്രാര്‍ത്ഥിച്ചിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ടുകള്‍ കഴിയുന്നു. എന്റെ ജീവിതത്തില്‍ ഈ സ്വപ്നം പലവുരു ആവര്‍ത്തിക്കപ്പെട്ടു.
നീയാകട്ടെ, യാഥാര്‍ത്ഥ്യങ്ങളുടെ ചൂടില്‍ ദര്‍ശനശേഷി നശിച്ച്, മിഥ്യയുടെ തമോവിതാനങ്ങളില്‍ തിമിരം മൂടിയ കണ്ണുകളുമായി ഉഴറി നടന്നു.
ഓശാനകളും ഉയിര്‍പ്പുകളും വന്നുപോയി. മുറ്റത്തെ മലവാകകള്‍ പൂത്തും തളിര്‍ത്തും ഋതുക്കളെ പിന്നിട്ടു.
നാം തമ്മില്‍ അകലുകയും രണ്ടായി തളയ്ക്കപ്പെടുകയും ചെയ്തു. നീ, ഉറയ്ക്കിട്ട തുകലിന്റെ ഗന്ധമിറ്റുന്ന അവിടത്തെ ഏതെങ്കിലും ഒരു മുറിയില്‍.
ഞാനോ സദാ ബൂട്ട്‌സുകളുടെ ഞരക്കത്താല്‍ ഭഞ്ജിക്കപ്പെടുന്ന ഈ ഏതാന്ത തടവുമുറിയുടെ നിശ്ശബ്ദതയിലും. പക്ഷേ, സ്ഥലകാലങ്ങളുടെ ഭേദസ്ഥിതികളാല്‍ വേര്‍തിരിക്കാനാവാത്തവിധം നാമിന്നും ബന്ധപ്പെട്ടു കിടക്കുന്നു എന്ന വിചാരം ഒരുവേള അതൊരു വിശ്വാസം മാത്രമാകാം. ഈ അവസാന നിമിഷങ്ങളിലും എന്നെ സ്വസ്ഥനാക്കുന്നു.
ചുഴിതേടിയൊഴുകുന്ന പാല്‍പ്പൊന്തപോലെ, നാളെ പുലരുമ്പോള്‍ കഴുമരത്തിലൊടുങ്ങേണ്ട ഈ ജീവിതവും പേറി നീങ്ങുമ്പോഴും, സഹോദരാ, സുഹൃത്തേ, ഞാന്‍ നിന്റെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു.
ദുഃസ്വപ്നങ്ങളെ അകറ്റേണമേ… ഒരു രാത്രിയെങ്കില്‍ ഒരു രാത്രിയെങ്കിലും….
ധ്യാനാവസ്ഥിതമായ മനസ്സിന്റെ സ്വച്ഛതയെ ഇടമുറിച്ചുകൊണ്ട് ജയില്‍ വാര്‍ഡന്‍ വരുന്നു.
”നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ആവശ്യമുണ്ടോ? ഒരു വൈദികന്റെ സഹായം.. അല്ല ഏറ്റുപറയുവാനും പ്രാര്‍ത്ഥിക്കുവാനും എന്തെങ്കിലുമൊക്കെയുണ്ടാവുമല്ലോ….”
പാവം അയളറിയുന്നില്ല… ഈ ജീവിതത്തിന്റെ പച്ചപ്പുകളത്രയും തളിര്‍ത്തതും കൊഴിഞ്ഞതും ഒരു പള്ളിമുറ്റത്തായിരുന്നെന്ന്. ഏതോ നിഗൂഢതയും പേറി എപ്പോഴും മഴമുട്ടിനിന്ന ഒരന്തരീക്ഷത്തിലായിരുന്നു നമ്മുടെ ബാല്യം കടന്നുപോയത്.
നമസ്‌കാരമണികളാല്‍ നയിക്കപ്പെട്ട നാളുകള്‍…. സങ്കീര്‍ത്തനങ്ങളുടെ സാന്ദ്രതയില്‍ ഒഴുകിപ്പരക്കുന്ന ദേവാലയ സ്മരണകള്‍…
അവിടെ ഓര്‍മ്മകളുടെ ചരടു മുറിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു.
ഇല്ല, അവയസ്തമിക്കുന്നില്ല. പകരം പൂഴിമാറി തെളിഞ്ഞുവരുന്ന അസ്ഥിക്കൂടെന്നപോലെ വ്യക്തവും ഭീകരവുമായി തിരിച്ചുവരുന്നു.
ഒന്നും ഓര്‍മ്മിക്കാനോ വിചാരണചെയ്യാനോ എനിക്ക് താല്പര്യമില്ല. എങ്കിലും ഒരല്പം മുന്‍പ് ഈ തടവുമുറിയുടെ ഈര്‍പ്പം പങ്കിട്ട ഒരുച്ചമയക്കത്തില്‍, ആ ഓര്‍മ്മകളിലൂടെ ഞാന്‍ ഏറെ നേരം കടന്നുപോയി.
വിഷക്കല്ലു തീണ്ടിയ പാദങ്ങളില്‍ ഉപ്പും ചോറും കൂട്ടി കിഴിതല്ലുമ്പോഴെന്നപോലെ ഞാന്‍ ഇടയ്ക്കിടെ പൊള്ളലേറ്റു ഞെട്ടി….
ഇടവകയിലെ ചരല്‍പ്പാതകളിലൂടെ ബെല്‍റ്റുകള്‍ പൊട്ടിപ്പൊയ പിത്തള ഡ്രംസെറ്റും മുഴക്കി അനാഥാലയത്തില്‍നിന്നും നമ്മുടെ യാചകസംഘം നീങ്ങുന്നു. ഫെബ്രുവരിയുടെ കരുണയറ്റ വെയിലുകള്‍ നമുക്കു മീതെ കനലെരിക്കുന്നു. ഹാര്‍മ്മോണിയത്തിന്റെ പിഞ്ഞിപ്പോയ റിഡുകളിലൂടെ ഇടറികേള്‍ക്കുന്ന യാചനയുടെ ദീനസ്വരം…. അവസാനിക്കാത്ത ദാനപ്രദക്ഷിണം. റംസാന്‍ നൊയമ്പിന്റെ കാലത്ത് സക്കാത്തുതേടിയുള്ള ഇത്തരം യാത്രകള്‍ മലകളും പുഴകളും കടന്നുപോയി. പുകമൂടിയ നഗരങ്ങളില്‍ പാണ്ടികശാലകളില്‍ പണപ്പെട്ടികള്‍ക്കു പിന്നില്‍ നിന്നും ഔദാര്യത്തിന്റെ തുട്ടുകല്‍ നമുക്കു നേരെ ചീറിവന്നു.
ദുസ്സഹവും ദീനവുമായിരുന്നു നമ്മുടെ ജീവിതം. വിശപ്പായിരുന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്ന ഏക അനുഭവം.
എന്നിട്ടും സുഹൃത്തേ, നാമൊക്കെ ചെന്നായ്ക്കളാകാതിരുന്നതെന്ത്?
മരണമുറിയിലെ സന്ദര്‍ശകനെപ്പോലെ അഴികള്‍ക്കപ്പുറത്ത് ദീനമായ ഒരു നോട്ടവുമായ് വാര്‍ഡന്‍ നില്പു തുടരുകയാണ്. കുറേനേരം കൂടി ഇങ്ങനെ തുടരും. പിന്നെ മൂന്ന് തൂക്കിക്കൊലകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന, നശിച്ച തന്റെ സര്‍വ്വീസിനെപ്പറ്റി പരിതപിക്കും. സ്ഥിരം ചോദ്യം ആവര്‍ത്തിച്ചെന്നും വരും.
”വിചാരണയുടെ നിര്‍ണ്ണായകഘട്ടത്തില്‍ നിങ്ങള്‍ കുറ്റം സമ്മതിച്ചതെന്തിനായിരുന്നു. അതും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ പ്രൊസിക്യൂഷന്‍ പതറിനില്ക്കുമ്പോള്‍…”
അതെനിക്കും അറിയാമായിരുന്നു. പക്ഷേ, അത്തരമൊരു ശ്രമത്തിലൂടെ എന്തിലേക്കാണ് രക്ഷപ്പെടുക?
അരമനയില്‍ കുര്‍ബാന വീഞ്ഞിന്റെയും അപ്പത്തിന്റെയും മോഷണത്തില്‍ നിന്നും ഒടുവില്‍ അനാഥാലയത്തില്‍നിന്നും പുറത്താക്കപ്പെട്ട് നഗരത്തിലെ വിപ്ലവസംഘങ്ങളിലൂടെയും ചാളകളിലെ ഇരുണ്ട അധോലോകങ്ങളിലൂടെയും തുടര്‍ന്നുവന്ന കരിപുരണ്ട ഈ ജീവിതത്തില്‍ നിന്ന് എങ്ങോട്ട് രക്ഷപ്പെടാനാണ്?

നേരം വൈകുകയായിരിക്കണം. ദൂരെ പോക്കുവെയിലിന്റെ ചത്വരം തെളിഞ്ഞുവരുന്നു. തടവുകാരന്റെ ഘടികാരമാണ് ഈ മാറ്റം. അതിന്റെ ഭാവങ്ങളിലൂടെ അവന്‍ നേരവും കാലവുമറിയുന്നു.

അവിടെനിന്ന് ചിലപ്പോള്‍ നിലാവുകള്‍ അവനുനേരെ സഹതപിക്കും. മറ്റ് ചിലപ്പോള്‍ മഴയുടെ സ്ഫടികസ്തംഭത്തിലൂടെ തെറ്റും ശരിയുമില്ലാത്ത ബാല്യത്തിന്റെ വയല്‍പ്പച്ചകളിലേക്ക് അവന്‍ ജലയാത്ര ചെയ്യും….
അനാഥാലയത്തിന്റെ ചരല്‍മുറ്റത്ത് ഒഴുകിനടക്കുന്ന, മഴക്കുമിളകളെണ്ണുകയായിരുന്നു ചെറുപ്പത്തില്‍ നമ്മുടെ വിനോദങ്ങളിലൊന്ന്. ഒരിക്കലും എണ്ണിത്തീര്‍ക്കാനായിട്ടില്ലെങ്കിലും കാക്കത്തൊള്ളായിരം എന്ന സംഖ്യയിലെത്തി നാം എണ്ണമവസാനിപ്പിക്കും.
അന്നൊക്കെ നിന്റെ കണ്ണുകള്‍ക്ക് തിളങ്ങുന്ന മഴത്തുള്ളികളെപ്പോലെ പ്രകാശമുണ്ടായിരുന്നു. പിന്നീട് ഒരു ക്രിസ്തുമസ് കാലത്ത് മുറ്റത്തെ ബദാമിന്റെ കൊമ്പുകളില്‍ ബലൂണുകള്‍ തൂക്കിക്കൊണ്ടിരിക്കുമ്പോഴാണ് നിറങ്ങളെപ്പറ്റിയുള്ള നിന്റെ ബോധം മറഞ്ഞുകൊണ്ടിരിക്കുന്നതായി വെളിപ്പെട്ടത്. ചുവപ്പും പച്ചയും മഞ്ഞവിളക്കുകളുമൊന്നും അന്ന് തിരിച്ചറിയാന്‍ നിനക്ക് കഴിഞ്ഞില്ല.
മറ്റു കുട്ടികളില്‍ ചിലര്‍ കാര്യമറിയാതെ നിന്നെ കളിയാക്കി ചിരിച്ചപ്പോള്‍, പാവം നീ കരഞ്ഞുപോയി. രാത്രിയില്‍, പുറത്ത് കരോള്‍ സംഘങ്ങള്‍ പുറപ്പെടുമ്പോള്‍ അരമനയുടെ തെക്കേമുറ്റത്ത് എന്റെ കണ്ണുകളില്‍ കണ്ണുടക്കിക്കൊണ്ട് നീ പറഞ്ഞു.
”എല്ലാ നിറങ്ങളും എനിക്കിപ്പോള്‍ ഒരുപോലെയാണ്. ആകാശവും ഭൂമിയുമെല്ലാം മങ്ങിയ ചാരം പൂണ്ടിരിക്കുന്നതായിട്ടാണ് ഞാനിപ്പോള്‍ കാണുന്നത്.”
ഇരുട്ടിന്റെ ഇടനാഴികളിലൂടെ നിന്റെ യാത്രയുടെ തുടക്കമായിരുന്നു അത്. ദിനംപ്രതി നിനക്കുചുറ്റും വസ്തുക്കള്‍ക്ക് ആകൃതി നഷ്ടപ്പെട്ടു. പരിസരം നിനക്ക് സ്പര്‍ശങ്ങളും ഗന്ധങ്ങളുമായി….
അനുഭവത്തിന്റെ പരിധി ചുരുങ്ങി നിന്നിലേക്ക് ഒതുങ്ങിക്കൂടി.
കുര്‍ബ്ബാനകളില്‍ മറ്റാരും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടാ നാം തന്നെ നിനക്ക് പ്രകാശം പ്രാര്‍ത്ഥിച്ചു.
പക്ഷേ, നിന്റെ ഗ്രഹണവേള അവസാനിച്ചില്ല. പകരം ഇരുട്ടേറിവന്നു.
ഉമയന്നൂരിലെ നിര്‍ഗ്ഗുണപരിഹാര പാഠശാലയില്‍ ആറുമാസത്തെ എന്റെ ശിക്ഷാകാലം കഴിച്ച് ഞാന്‍ മടങ്ങിയെത്തുമ്പോഴേക്കും നിനക്ക് ഒരവയവം കൂടി വളര്‍ന്നുകഴിഞ്ഞിരുന്നു.
ഏതോ ദയാലുവായ പണക്കാരന്റെ സമ്മാനം. പിത്തളകെട്ടിയ ഒരു ഊന്നുവടി.
വടി നിനക്കു മുന്നില്‍ ധാര്‍ഷ്ട്യത്തോടെ സഞ്ചരിച്ചു. പടികളിറങ്ങുമ്പോള്‍ നിന്നെ ശാസിച്ചു. പള്ളിയിലേക്കുളള ചെങ്കുത്തായ കയറ്റത്തില്‍ നിന്നെ ശയിച്ചു. അത് നല്കുന്ന സൂചനകള്‍ക്കു വഴങ്ങി. തീര്‍ത്തും അശരണനായി നീ ഇരുട്ടില്‍നിന്നും ഇരുട്ടിലേക്ക് നടന്നുനടന്ന് സമയം കഴിച്ചു.
ഞാന്‍ നിന്റെ കൈ പിടിച്ചപ്പോഴും ആദ്യം നിനക്കെന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുളംചില്ലികള്‍ പോലെ നീണ്ടുമെലിഞ്ഞ വിരലുകള്‍ എന്റെ ദേഹമാകെ പായിച്ചുകൊണ്ട് നീ വിതുമ്പി.
”പറയൂ….ആരാണ്? സത്യമായും എനിക്ക് കാണാനാവുന്നില്ല…”
മുട്ടിനിന്ന തേങ്ങലടക്കി എത്രനേരമാണ് ഞാന്‍ നിന്നത്? ഒടുവില്‍ എന്റെ കുഞ്ഞുവിരലിലെ മുഴപോലെ മുറ്റിയ അരിമ്പാറയില്‍ കൈ തടഞ്ഞപ്പോള്‍, തിരിച്ചറിവിന്റെ ആശ്വാസത്തോടെ നീയെന്റെ പേര് പറഞ്ഞു.
”സെബാസ്റ്റ്യന്‍…. നീയെവിടെയായിരുന്നു? ഇരുട്ടില്‍ എന്നെ ഒറ്റപ്പെടുത്തിയിട്ട് നീയെവിടെപ്പോയിരുന്നു….?”
നിന്റെ ഊന്നുവടി പിടിച്ചുവാങ്ങി മുറ്റത്തെറിഞ്ഞ് ഇളം മഞ്ഞയുടെ സുതാര്യത്തില്‍ നിലഞരമ്പുകള്‍ തെളിഞ്ഞുനില്ക്കുന്ന നിന്റെ കഴുത്തില്‍ മുഖം ചേര്‍ത്തുനില്‌ക്കേ ഞാന്‍ കരയുകയായിരുന്നില്ല.
നിനക്ക് മറുപടി കൂട്ടുകയായിരുന്നു.
സഹോദരാ, അത് വിശപ്പിന്റെയും വിയര്‍പ്പിന്റെയും കഥയാണ്. പിന്നെ കുറ്റം കണ്ടെത്തുംവരെ ശിക്ഷിക്കപ്പെടുന്ന നമ്മുടെ ബാല്യത്തിന്റെ കഥയാണ്.
കുമ്പസാരക്കൂടിന്റെ നിഗൂഢവും വന്യവുമായ സ്വകാര്യതയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ഞെട്ടിക്കുന്ന ഒരു സത്യത്തിന്റെ കഥയാണ്….
അത് ഞാന്‍ നിന്നോട് പറഞ്ഞു. നമ്മുടെ ജന്മത്തിന്റെ രഹസ്യം.
മാസത്തിലൊരിക്കല്‍ കൃത്യമായി അനാഥാലയത്തിലേക്ക് പൊതിക്കെട്ടെത്തിക്കുകയും, ഫാദര്‍ ആന്റോസിന്റെ മുറിയിലേക്ക് നമ്മെ രണ്ടുപേരെയും വിളിപ്പിച്ച് പ്രത്യേകമായി ചോക്‌ലേറ്റു തരികയും ചെയ്തിരുന്ന ഔദാര്യത്തിന്റെ രഹസ്യം.
(മാതാവിന്റെ നിറവും ചന്ദനത്തിന്റെ ഗന്ധവുമായിരുന്നില്ലേ അവര്‍ക്ക്..)
സത്യമാണ് സുഹൃത്തേ, കപ്യാരായിരുന്ന കിഴവന്‍ പീലിപ്പോച്ചന്റെ സൂചനകളില്‍നിന്നുമാത്രം അറിഞ്ഞതല്ല. ഒരു തുലാവര്‍ഷരാത്രി മുഴുവന്‍ ആന്റോസച്ചന്റെ ജനാലയ്ക്കരികില്‍ വിറങ്ങലിച്ച് ഒളിച്ചിരുന്ന് ഞാന്‍ നേരിട്ടു കേട്ടതാണ്.
ഓരോ നിമിഷവും ഞാന്‍ ഈ കുട്ടികളോട് പൊറുക്കപ്പെടാനാവാത്ത തെറ്റുചെയ്യുകയാണച്ചോ….എന്നുപറഞ്ഞ് പൊട്ടിക്കരച്ചിലിലേക്ക് അവര്‍ ഉടഞ്ഞുവീഴുന്നത് ഞാന്‍ നേരിട്ടുകണ്ടതാണ്…..
അമ്മയെന്നോ? അങ്ങനെ പറയരുത്. നിന്ദ്യമായ ഈ അവഗണനയുടെ ചേറുപാടത്ത് വീശിമായുന്ന ഒരു സുഗന്ധംപോലെ ഒരു രക്ഷകര്‍ത്താവ് നമുക്കെന്തിന്?
നമ്മെപ്പോലെ അനാഥരായ ഈ മരങ്ങളുടെ തണലും സുരക്ഷിതത്വവും പോരേ നമുക്ക്…
മതിയായിരുന്നു….
എങ്കിലും എപ്പോഴെങ്കിലും ഒന്നുറക്കം പിടിച്ചാല്‍ അവരെത്തുകയായി.. ചന്ദനത്തിന്റെ പുകയിലൂടെ നമ്മെ ഇരുവശത്തും ചേര്‍ത്തുപിടിച്ചുകൊണ്ട്, കാറ്റാടിമരങ്ങളുടെ കാവല്‍നിര കടന്ന്…
പിന്നെ നിന്നെപ്പോലും ഉപേക്ഷിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിയുകയായിരുന്നു.
വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഏതും മാര്‍ഗ്ഗങ്ങളായിരുന്നു താനും.
ഒടുവില്‍ ഞാന്‍ എത്തിപ്പെടുകതന്നെ ചെയ്തു. ഒരു കള്ളക്കടത്തു ശ്രമത്തിനിടയില്‍ പൊലീസിനാല്‍ വളയപ്പെട്ട് ഞാനോടിക്കയറിയത് അവരുടെ ഫ്‌ളാറ്റിലേക്കായിരുന്നു.
വിധി എത്ര ക്രൂരനായ രംഗസംവിധായകനാണ്.
ആദ്യം അവരെന്നെ തിരിച്ചറിയുന്നില്ലെന്നു നടിച്ചു. ഞാനെല്ലാം വെളിപ്പെടുത്തുമെന്നായപ്പോള്‍ അവര്‍ പൊലീസിനെ വിളിച്ചുവരുത്തുമെന്നായി.
ഒരു രാത്രിയിലെ അഭയം മാത്രം മതിയായിരുന്നു എനിക്ക് പക്ഷേ……..
അപ്പോള്‍ ഞാനല്ലാതാകുകയല്ലാതെ എനിക്ക് മറ്റു വഴികളുണ്ടായിരുന്നില്ല.
ഞാനതു ചെയ്തു.
അതെ, താഴ്‌വാരത്തിലെ പൊട്ടക്കുളത്തിലേക്ക് ചിതറിവീണ ഒരുറുമ്പിന്‍ കൂട്ടത്തെ മുഴുവന്‍ തലയിലേറ്റി. തല മുങ്ങാതെ നീന്തിക്കയറാറുണ്ടായിരുന്ന ഞാന്‍ തന്നെ…
സുഹൃത്തേ, തെറ്റും ശരിയുമേതാണ്?
എനിക്കൊന്നുമറിയില്ല.
ചുറ്റും നിര്‍ജ്ജീവമായ തടവുമാത്രം. അതിന്റെ പഴുതുകളിലൂടെ കടന്നെത്തി മുക്കിക്കളയുന്ന ഈ ഇരുട്ടും. നമ്മുടെ ജീവിതം എന്നും അതുമാത്രമായിരുന്നു. ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ മുള്ളെഴുന്ന മതിലുകളെങ്കില്‍, വളര്‍ന്നപ്പോള്‍ അഭയാര്‍ത്ഥികളുടെ നിരാലംബത നമുക്കു ചുറ്റും തടവുതീര്‍ത്തിരുന്നു.
ഒടുവില്‍ നിയമത്തിന്റെ തടവറ. നിനക്കോ, ശാപമായിക്കിട്ടിയ അന്ധതയും. പെട്ടെന്ന് വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരുതരം സമാനത ഇതിലില്ലേ. അത് നമുക്ക് തീര്‍ക്കേണ്ടേ….
അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.
പള്ളിമുറ്റത്ത് കണ്ണുകള്‍ മൂടിക്കെട്ടി നാം ജോഡികളെ കണ്ടെത്തി കളിച്ചിരുന്നപ്പോള്‍ കൃത്യമായി നീയെന്നെ തിരിച്ചറിഞ്ഞിരുന്നു.
നമുക്കിടയില്‍ മറ്റാര്‍ക്കുമറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. രൂഢമൂലമായ ബന്ധത്തിന്റെ ദുരന്തചിഹ്നം പോലെ എന്റെ കുഞ്ഞുവിരലിലെ അരിമ്പാറ.
പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചുനടന്ന കാലത്ത് എന്നെ തിരിച്ചറിയാന്‍ അവര്‍ക്കുണ്ടായിരുന്ന ഏക അടയാളം ഈ അരിമ്പാറയായിരുന്നു.
എന്നിട്ടും ഞാനതു മാറ്റാന്‍ ശ്രമിച്ചില്ല. എന്നെങ്കിലുമൊരിക്കല്‍ നിന്നെത്തേടിയെത്തണമെന്നും, അന്നും കേവലം ഒരു സ്പര്‍ശത്തിലൂടെ മാത്രം നിന്നില്‍ നിറഞ്ഞു കവിയണമെന്നും ഞാനാശിച്ചിരുന്നു.
പക്ഷേ….. ഇതാ…. അടയാളചിഹ്നങ്ങള്‍ മായുകയായി. ദീനയാത്രകളുടെ ദീര്‍ഘകാതങ്ങളില്‍ തളരുമ്പോള്‍ നിന്നെ തോളേറ്റിയിരുന്ന ഈ ശരീരം നാളെ കാലത്ത് നിര്‍ജ്ജീവമാകും. ആവശ്യക്കാരില്ലാത്ത ഈ ജഡം ജയില്‍പ്പറമ്പില്‍ മണ്ണോട് ചേരും.
തൂക്കുമരത്തില്‍നിന്നും ഞാന്‍ നിന്നെത്തേടി വന്നെന്നുവരാം കാത്തിരിക്കുക.
പക്ഷേ, നീയെന്നെ എങ്ങനെ തിരിച്ചറിയും?
നിനക്കായി വഴികാട്ടിയിരുന്ന എന്റെ കണ്ണുകള്‍ ഞാന്‍ നിനക്ക് നല്കുന്നു. തുച്ഛമായ സമ്പാദ്യവും അതിനുള്ള രേഖകള്‍ സൂപ്രണ്ടിന്റെ പക്കലുണ്ട്. എന്റെ കണ്ണുകളിലൂടെ ഇരുട്ടിന്റെ കോട്ട തകര്‍ത്ത് നീ പുറത്തുവരിക.
കാറ്റില്‍ മുറ്റത്തെ ബദാംമരച്ചില്ലകള്‍ ഇളകുമ്പോള്‍.. സക്കാത്തു യാത്രയുടെ ഉഷ്ണവേളകളില്‍ നമ്മുടെ തുകല്‍ച്ചെണ്ട മുഴങ്ങുമ്പോള്‍…. അവയിലൊക്കെ എന്നെ തിരിച്ചറിയുക.
ഇരുട്ടിന് കനംവയ്ക്കുകയായി. രാത്രി കാവല്‍ക്കാരുടെ വിസിലുകള്‍ മാത്രം ഇടയ്ക്കിടെ കേള്‍ക്കാം. അഴികള്‍ക്കിടയിലൂടെ ദൂരെക്കാണുന്ന ഇറ്റുവെളിച്ചം സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലേതാണ്.
അയാള്‍ കാത്തിരിക്കുന്നു. കൂടാതെ ആരാച്ചാരും..
ഇതാ പെട്ടെന്ന് വിളക്കുകളെല്ലാം തെളിയുന്നു. ഏതോ സന്ദര്‍ശകന്റെ വരവറിയിച്ചുകൊണ്ട് മണികള്‍ മുഴങ്ങുന്നു. ഗാര്‍ഡുകള്‍ ജാഗരൂകരാകുന്നു.
പത്രക്കാരാകാം….. ഇന്നലെ മടക്കിയയച്ചിട്ടും വീണ്ടും ശ്രമിക്കാനെത്തിയതാകും. അല്ലെങ്കില്‍ അന്ത്യാഭിലാഷമന്വേഷിച്ച് വാര്‍ഡനാകാം…
സ്വസ്ഥവും സാന്ദ്രവുമായ ഈ അന്ത്യവേളയില്‍ ഇവരൊക്കെ എന്തിനെന്നെ ശല്യം ചെയ്യുന്നു.
ഈ തടവില്‍ നിന്നും മരണത്തിലേക്കു രക്ഷപ്പെടുവാന്‍ ഒരു ജീവിതം മുഴുവന്‍ ഞാന്‍ തയ്യാറായിരുന്നുവല്ലോ.
സുഹൃത്തേ-അതു നീ തന്നെയായിരിക്കട്ടെ!


 ശ്രീ കെ .രാജഗോപാല്‍: ആധുനിക മലയാളകവിതയുടെ സുഭഗവും സുചിരവുമായ മുഖം. എണ്‍പതുകളില്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്‍റേതായി മൂന്ന് സമാഹൃതികള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. DC Books ഒരു സമഗ്രസമാഹാരം ഉടന്‍ പുറത്തിറക്കുന്നു.  തോന്നയ്ക്കല്‍ ആശാന്‍ സ്മാരക പുരസ്കാരം, വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം, പ്രഥമ ജോണ്‍ ഏബ്രഹാം പുരസ്കാരം എന്നിവയാല്‍ ആദരിക്കപ്പെട്ടിട്ടുണ്ട‍് ഇദ്ദേഹത്തിന്റെ കാവ്യസന്തര്‍പ്പണം. കുറച്ച് മികച്ച ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.  ചെങ്ങന്നൂര്‍, മുണ്ടങ്കാവ് സ്വദേശിയാണ്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close