പക്ഷിപ്പനി: താറാവുകളെ ഇന്ന് കൊല്ലില്ല; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

bird flu

പക്ഷിപ്പനിമൂലം ചത്ത താറാവുകളുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരം കവിഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, ചത്ത താറാവുകളുടെ കൃത്യമായ കണക്ക് മൃഗസംരക്ഷണവകുപ്പിന്റെ കൈവശമില്ലാത്തത് കൂടുതല്‍ ആശങ്കയുളവാക്കുന്നു.

ആലപ്പുഴയില്‍ അമ്പതിനായിരത്തോളം താറാവുകള്‍ ചത്തെന്നാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകര്‍ നല്‍കുന്ന വിവരം. എന്നാല്‍, ഔദ്യോഗിക കണക്കനുസരിച്ച് പതിനെണ്ണായിരംമാത്രമേ ചത്തിട്ടുള്ളൂ.

കോട്ടയം കുമരകത്ത് കോഴികളിലേക്കും രോഗം പടര്‍ന്നതായി വിവരം ലഭിച്ചു. ജില്ലയില്‍ ആറായിരം താറാവുകളും 150 കോഴികളും ചത്തൊടുങ്ങി.

പത്തനംതിട്ടയില്‍ 200 താറാവുകള്‍ ചൊവ്വാഴ്ച ചത്തു. അപ്പര്‍ കുട്ടനാട് മേഖലകളിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ടുണ്ട്. പള്ളിപ്പാട്, വീയപുരം പ്രദേശങ്ങളില്‍ പക്ഷിപ്പനിയുടെ സാധ്യത കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

പുറക്കാട് പ്രദേശത്ത് മാത്രം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി മുന്നൂറിലധികം താറാവുകള്‍ ചത്തതായാണ് കര്‍ഷകര്‍ നല്‍കുന്ന വിവരം. രോഗബാധയുടെ പശ്ചാത്തലത്തില്‍ കുമരകം പക്ഷിസങ്കേതം അടച്ചിട്ടു.

മൂന്ന് ദിവസത്തിനകം രോഗബാധിത പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്ന് സംസ്‌കരിക്കും. ഇതിനായി ദ്രുതകര്‍മ സേനകള്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ആലപ്പുഴയില്‍ ഭഗവതിപ്പടി, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം, പത്തനംതിട്ട ജില്ലയിലെ പെരിങ്ങനം എന്നിവിടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രോഗബാധിത പ്രദേശങ്ങളില്‍നിന്ന് വളര്‍ത്തുപക്ഷികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയും. ഇതിന് പോലീസ്, റവന്യു വകുപ്പുകളുടെ സഹായം തേടുമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിനുശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പഞ്ചായത്തുതലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. രോഗബാധയുടെയും മരണനിരക്കിന്റെയും വിവരങ്ങള്‍ എല്ലാ ദിവസവും മൃഗഡോക്ടര്‍മാരും കര്‍ഷകരും കളക്ടറേറ്റിലും മൃഗസംരക്ഷണവകുപ്പ് ഓഫീസിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തമാണെന്ന് വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ വലിയ താറാവിന് 200ഉം താറാവുകുഞ്ഞിന് 100 രൂപയുമായി നഷ്ടപരിഹാരം ഉയര്‍ത്തിയേക്കും. ഇക്കാര്യം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close