പക്ഷിപ്പനി നിയന്ത്രണവിധേയമാകുന്നു: നഷ്ടപരിഹാരം നല്‍കിത്തുടങ്ങി

ducks flu

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കൊല്ലുന്ന താറാവുകളുടെ നഷ്ടപരിഹാരം കൊടുത്തുതുടങ്ങി. ആലപ്പുഴയില്‍ ഇന്നലെ രണ്ടു കര്‍ഷകര്‍ക്കായി 8.69 ലക്ഷം രൂപയും കോട്ടയത്ത് 9.82 ലക്ഷം രൂപയും വിതരണം ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായതോടെ രോഗം വ്യാപിക്കുന്നതിന്റെ തോത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആലപ്പുഴയില്‍ 21,279 താറാവുകളെ വെള്ളിയാഴ്ച കൊന്നൊടുക്കി. ജില്ലയില്‍ ഏഴിടങ്ങളിലായി 50 ദ്രുതകര്‍മസേനകളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 70 ദ്രുതകര്‍മസേനകളാണ് വെള്ളിയാഴ്ച താറാവ് സംസ്‌കരണത്തിന് രംഗത്തിറങ്ങിയത്. 48 മണിക്കൂറിനുള്ളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ആലപ്പുഴയില്‍ രോഗം തീക്ഷ്ണമായിരുന്ന പുറക്കാട്ട് മേഖലയിലെ മുഴുവന്‍ താറാവുകളെയും കൊന്നു. ഇവിടെ നാലായിരത്തോളം താറാവുകളെയാണ് കൊന്ന് കുഴിച്ചിട്ടത്. മൂന്നുദിവസം നീണ്ട പ്രതിരോധ പ്രവര്‍ത്തനത്തിനൊടുവിലാണ് പുറക്കാട്ടുനിന്ന് രോഗബാധിതരായ താറാവുകളെ പൂര്‍ണമായും ഇല്ലാതാക്കിയത്.

ഇതിനിടെ, പക്ഷിപ്പനി മേഖലയില്‍ പ്രവര്‍ത്തിക്കവേ പനി ബാധിച്ച രണ്ടു ഡോക്ടര്‍മാരുടെ തൊണ്ടയിലെ സ്രവം ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ പരിശോധിച്ചപ്പോള്‍ കുഴപ്പമില്ലെന്നു കണ്ടെത്തി. ഇതിനിടെ ദ്രുതകര്‍മ സേനയിലെ ഒരാളെക്കൂടി ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്തിരണ്ടുകാരനായ തലയോലപ്പറമ്പ് സ്വദേശിയെയാണു കഴുത്തിന്റെ വലതുഭാഗത്തായി നീര്‍ക്കെട്ട് കണ്ടെത്തിയതിനെ തുടര്‍ന്നു കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മനുഷ്യരിലേക്കു രോഗബാധയുണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ആനിമല്‍ ഹസ്ബന്ററി ആന്‍ഡ് ഫിഷറീസിലെ ക്വാറന്റയിന്‍ ഓഫിസറും ബാംഗ്ലൂരിലെ സതേണ്‍ റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരും ആലപ്പുഴയിലെ രോഗബാധിത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close