ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന 30000 ഏക്കര്‍ വ്യാജ രേഖകള്‍ ചമച്ച്

harison malayalam

ഹാരിസണ്‍സ് മലയാളത്തില്‍ 30,000 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ്‌പെഷല്‍ ഓഫീസറുടെ കണ്ടെത്തല്‍. 195 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് സ്‌പെഷല്‍ ഓഫീസറായ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം സര്‍ക്കാരിന് നല്‍കി. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസണ്‍സ് അനധികൃതമായി സ്വന്തമാക്കിയത്.

ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ഹാരിസണ്‍സ് മലയാളത്തിനുള്ള എസ്‌റ്റേറ്റ് ഭൂമികളാണ് സ്‌പെഷല്‍ ഓഫീസര്‍ പരിശോധിച്ചത്. തൃശ്ശൂര്‍, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഹാരിസണ്‍സ് മലയാളത്തിനുള്ള ഭൂമി സ്‌പെഷല്‍ ഓഫീസര്‍ പിന്നീട് പരിശോധിക്കും. എട്ട് ജില്ലകളിലായി മൊത്തം 60,000 ഏക്കര്‍ ഭൂമി ഹാരിസണ്‍സ് മലയാളം വ്യാജരേഖകള്‍ ഉപയോഗിച്ച് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

വിദേശ നിര്‍മിതമായ വ്യാജരേഖകള്‍ കൂടി ഹാരിസണ്‍സിന്റെ പക്കലുള്ളതായി സ്‌പെഷല്‍ ഓഫീസര്‍ കണ്ടെത്തി. വ്യാജ പട്ടയങ്ങള്‍ കൂടാതെ വ്യാജ ക്രയവിക്രിയ സര്‍ട്ടിഫിക്കറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. 30,000 ഏക്കര്‍ ഭൂമി നാല് ജില്ലകളിലുള്ളത് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് സ്‌പെഷല്‍ ഓഫീസര്‍ വ്യക്തമാക്കി. ഭൂമി സര്‍ക്കാരിന്റേതാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് സ്‌പെഷല്‍ ഓഫീസറെ സര്‍ക്കാര്‍ നിയോഗിച്ചത്.

ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ഉള്‍പ്പെടെ നിരവധി വിദേശ കമ്പനികളില്‍ നിന്നാണ് 60,000 ഏക്കര്‍ ഭൂമി എട്ട് ജില്ലകളിലായി ഹാരിസണ്‍സ് മലയാളം സമീപകാലത്ത് കൈവശമാക്കിയതെന്നാണ് രേഖകളിലുള്ളത്. തിരുവിതാംകൂര്‍ ഭരണകാലത്ത് കൊല്ലം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ എണ്ണപ്പെടുത്തിയ രേഖകള്‍ വരെ വ്യാജമാണെന്ന് സ്‌പെഷല്‍ ഓഫീസര്‍ കണ്ടെത്തിയിരുന്നു. പോക്കുവരവ് രേഖകള്‍ കൂടി വ്യാജമായിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടനെ തുടങ്ങുമെന്നാണ് കരുതുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close