നിലവറദീപം തെളിഞ്ഞു ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തിനു തുടക്കമായി

nilavaradeepam

ചക്കുളത്തുകാവ് : നിലവറദീപം തിരി തെളിഞ്ഞു. ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് തുടക്കമായി. ഇനിയുള്ള ദിവസങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകള്‍ മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍നിന്നും ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നെടുത്ത ദീപം ക്ഷേത്രത്തിനു മുന്നിലെ കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്തിരിക്കുന്ന വിളക്കിലേക്ക് രാവിലെ 10 മണിയോടെ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ദീപം പകര്‍ന്നു.

നിലവറദീപം കൊടിമരച്ചുവട്ടില്‍ തെളിയിക്കുന്നതിനു മുമ്പായി മൂലകുടുംബ ക്ഷേത്രത്തിനു വലം വച്ച് വായ്ക്കുരവയുടെയും താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണു ക്ഷേത്രനടയിലേക്കു ദീപം എത്തിച്ചത്. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ. കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, സെക്രട്ടറി സന്തോഷ് ഗോകുലം, സുരേഷ് കാവുംഭാഗം എന്നിവര്‍ പങ്കെടുത്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഭക്തജന സംഗമത്തിനു വേദിയൊരുങ്ങുന്ന ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതോടെ ഏതാണ്ട് പൂര്‍ത്തിയായി. ഡിസംബര്‍ 05 നാണ് പൊങ്കാല. കൈകളില്‍ പൂജാ ദ്രവ്യങ്ങളും നാവില്‍ ദേവിസ്തുതികളുമായി സ്ത്രീകള്‍ അണമുറിയാതെ എത്തുമ്പോള്‍ ചക്കുളത്തുകാവും പരിസരവും കാര്‍ത്തിക പൊങ്കാലയുടെ പുണ്യം നുകരുകയായി. തിരുവല്ലാ മുതല്‍ തകഴിവരെയും, എം.സി റോഡില്‍ ചങ്ങനാശ്ശേരി- ചെങ്ങന്നൂര്‍ – പന്തളം റൂട്ടിലും മാന്നാര്‍ -മാവേലിക്കര റൂട്ടിലും, മുട്ടാര്‍- കിടങ്ങറ,വീയപുരം- ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി.

ക്ഷേത്ര പരിസരത്തു പൊങ്കാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വോളന്റിയര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി 500 മൊബൈല്‍ ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താത്ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. കൂടാതെ വിവിധ സാമൂഹിക-സാമുദായിക- സാംസ്‌ക്കാരിക-രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു. പോലീസ്, കെ.എസ്.ആര്‍.ടി.സി, ഹെല്‍ത്ത്, ഫയര്‍ഫോഴ്‌സ്, കെ.എസ്. ഇ.ബി വാട്ടര്‍ അഥോറിറ്റി, എക്‌സൈസ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 3001 വോളിന്റിയേഴ്‌സിന്റെ സേവനവും രണ്ടായിരത്തോളം പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്കു പ്രത്യേക സര്‍വീസുകളും നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close