ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം: 13 സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു

maoist chtsgrh

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ മാവോവാദി ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 13 സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ സി.ആര്‍.പി.എഫിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റും അസിസ്റ്റന്റ് കമാന്‍ഡന്റും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മാവോവാദികള്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.

രാവിലെ പത്തരയോടെ കാസന്‍പഡ ഗ്രാമത്തില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലിലേര്‍പ്പെട്ട 223 ബറ്റാലിയനുനേരേ മാവോവാദിസംഘങ്ങള്‍ ശക്തമായ വെടിവെപ്പ് നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ വ്യോമമാര്‍ഗം റായ്പുരിലെത്തിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ മാറ്റുകയായിരുന്ന വ്യോമസേയുടെ ഹെലികോപ്റ്ററിന് നേരേയും വെടിവെപ്പുണ്ടായി.

മാവോവാദിസാന്നിദ്ധ്യം ശക്തമായ ദക്ഷിണബസ്തര്‍ മേഖലയില്‍പ്പെട്ടതാണ് ആക്രമണമുണ്ടായ സുക്മ ജില്ല. കഴിഞ്ഞ പത്തുദിവസമായി വനമേഖലയില്‍ തിരച്ചിലിലേര്‍പ്പെട്ട ബറ്റാലിയനുനേരേയാണ് ആക്രമണമുണ്ടായതെന്ന് സി.ആര്‍.പി.എഫ് അധികൃതര്‍ അറിയിച്ചു.
നാട്ടുകാരെ മനുഷ്യകവചങ്ങളാക്കിക്കൊണ്ടാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. ഇതുമൂലം കടുത്ത നിയന്ത്രണം പാലിച്ചുകൊണ്ടാണ് തിരിച്ചടിക്കാന്‍ കഴിഞ്ഞതെന്ന് സി.ആര്‍.പി.എഫ് എ.ഡി.ജി രജീന്ദര്‍കുമാര്‍ വിജ് പറഞ്ഞു. തിരിച്ചടിയില്‍ മാവോവാദികള്‍ മരിച്ചിട്ടുണ്ടാകാമെന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദുഃഖവും നടുക്കവും പ്രകടിപ്പിച്ചു.
ഇതേ മേഖലയില്‍ കഴിഞ്ഞയാഴ്ചയും സി.ആര്‍.പി.എഫിനു നേരേ മാവോവാദിആക്രമണമുണ്ടായിരുന്നു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008-ല്‍ ഇവിടെയുണ്ടായ ആക്രമണത്തില്‍ 76 ജവാന്മാരാണ് കൊല്ലപ്പെട്ടത്. മാവോവാദിചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

മാവോവാദികള്‍ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തിയതിനാല്‍ കടുത്ത സമ്മര്‍ദത്തിലാണ് അവരെന്ന് സംസ്ഥാനആഭ്യന്തരമന്ത്രി രാംസേവക് പയ്കര പറഞ്ഞു. ഈയിടെ ഒട്ടേറെ പ്രവര്‍ത്തകര്‍ ആയുധംവെച്ച് കീഴടങ്ങിയിരുന്നു. ആക്രമണം നടത്താന്‍ ഇതൊക്കെയാവും കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close