കേരളത്തില്‍ ബാങ്ക് പണിമുടക്ക് പൂര്‍ണം

bank strike

ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് നടത്തിയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായി. പൊതുമേഖല, സ്വകാര്യ മേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പണിമുടക്കിയത്. കേരളത്തിലാകെ അയ്യായിരത്തി അറുന്നൂറോളം ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. ബാങ്കുകള്‍ക്കു പുറമേ ഭരണ നിര്‍വഹണ കാര്യാലയങ്ങള്‍, വിദേശനാണ്യ വിനിമയ ഡിപ്പാര്‍ട്ടുമെന്റുകള്‍, ക്ലിയറിങ് ഹൗസുകള്‍ എന്നിവയും പണിമുടക്കി. നാല്പത്തി ആറായിരത്തോളം ജീവനക്കാര്‍ പണിമുടക്കി, വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും പൊതുയോഗങ്ങളും നടത്തി.

കാലഹരണപ്പെട്ട സേവന-വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തിയത്. ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഒമ്പത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുത്തത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് അവകാശപത്രിക നല്‍കിയിരുന്നു. പതിനാല് വട്ടം ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും അസോസിയേഷന്‍ ക്രിയാത്മകമായ നിലപാടെടുക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ പറഞ്ഞു.

എറണാകുളത്ത് പണിമുടക്കിയ ജീവനക്കാര്‍ ഫെഡറല്‍ ബാങ്കിന്റെ മറൈന്‍ ഡ്രൈവ് ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണമൂര്‍ത്തി (സി.ഐ.ടി.യു.), രഘുരാജ് (ബി.എം.എസ്.), സി.ജെ. നന്ദകുമാര്‍ (ബെഫി), വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.പി. രാജഗോപാല്‍, വിജയകുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ പണിമുടക്കിനെ തുടര്‍ന്ന് 3 ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും 4 ന് കിഴക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും 5 ന് പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ പണിമുടക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി.ജെ. നന്ദകുമാര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close