കുറിഞ്ഞിമലകളിലൂടെ ഒരു യാത്ര

slide copy

കാലം തെറ്റി പൂത്ത നീലക്കുറിഞ്ഞിപ്പൂക്കളേ കണ്‍നിറയെ കാണാന്‍ പ്രകൃതിസ്നേഹികളുടെ യാത്രയില്‍ ഞാനും സ്നേഹിതനും കൂട്ടുചേര്‍ന്നു. തുലാമാസത്തില്‍ നിനച്ചിരിക്കാതെ പെയ്തൊഴിയുന്ന മഴയില്‍ അടിമുടി നനഞ്ഞാണ് ഞങ്ങള്‍ ചുരം കയറിയത്. മഞ്ഞില്‍ പുതച്ചുമൂടി കിടക്കുന്ന കൊടും വളവുകളില്‍ ഞങ്ങള്‍ ഇടയ്ക്ക് എപ്പോഴോ മരണത്തിന്റെ ചൂളം വിളികള്‍ കാതോര്‍ത്തു. മഴയും മഞ്ഞും കൂസാതെ ബുള്ളറ്റ് ചുരങ്ങളില്‍ ഇഴഞ്ഞു നീങ്ങി. ആഗ്രഹം മനസ്സിനെ പലതിനും പ്രേരിപ്പിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെയും സ്നേഹിതന്റെയും ഈ യാത്ര.

മാട്ടുപ്പെട്ടിയിലേക്കുള്ള തമിഴ് ലോറികളുടെ നീണ്ടനിരയില്‍ ഞങ്ങളും അംഗമായി. അപ്പോഴാണ്‌ മാട്ടുപ്പെട്ടിയിലേക്കുള്ള വഴികളില്‍ കാട്ടാന നില്‍ക്കുന്നു എന്നാ വിവരം അറിയുന്നത്. മനസ്സില്‍ ചെറിയ ഭയം അനുഭവപ്പെട്ടു. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഞങ്ങള്‍ മുതിരപ്പുഴയും നല്ലതണ്ണിയും കുമ്പളപ്പുഴയും ഒത്തു കൂടുന്ന മൂന്നാര്‍ എന്ന തമിഴ് കലര്‍ന്ന തേയിലയുടെ നാട്ടിലേക്ക് ആരും സ്വാഗതം പറയാതെ കടന്നുചെന്നു. ആ നാട് അന്നു രാത്രി അഭയം നല്‍കി. ദേവികുളത്ത് ഹോം സ്റ്റേയില്‍ അന്നു താങ്ങാന്‍ തീരുമാനിച്ചു. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ഞങ്ങള്‍ രാത്രിയുടെ വരവില്‍ തണുപ്പിനാല്‍ പുതപ്പിലേക്ക് ഒതുങ്ങിക്കൂടി.

പ്രഭാതത്തില്‍ തന്നെ കുറിഞ്ഞിപ്പൂക്കളെ കണ്‍ കുളിര്‍ക്കെ കാണാന്‍ യാത്ര ആരംഭിച്ചു. മഞ്ഞിന്റെ മടിത്തട്ടില്‍ പറന്നിറങ്ങി പറന്നിറങ്ങി ബുള്ളറ്റിന്റെ വേഗം ഞങ്ങള്‍ക്ക് ഏറെ ആവേശം നല്‍കി. തലയെടുപ്പോടെ നില്‍ക്കുന്ന മലഞ്ചരിവുകളില്‍ മുത്തമിട്ട്‌ പറക്കുന്ന കോടമഞ്ഞ്. ആ താഴ്‌വരയില്‍ ഏതോ ഒരു പ്രകൃതി സ്നേഹിയുടെ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു.

കുളിരുകോരിയിട്ട പൂപ്പാറയിലേക്കുള്ള വഴികളില്‍ ഒരു കുരിശിന്‍ തോട്ടി കാണാന്‍ ഇടയായി. അവിടെ വാഹനങ്ങളുടെ നിര. പ്രഭാതത്തിന്റെ ഉന്മേഷത്തിലും ഉണര്‍വിലും ഞങ്ങള്‍ ബുള്ളറ്റ് സുരക്ഷിതമായി വച്ചതിനു ശേഷം കുറിഞ്ഞി മലകളിലേക്ക് പ്രയാണം ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും വളരെയേറെ ഉയരത്തില്‍ ഉയരത്തില്‍ ആയതിനാല്‍ ജീവ വായു കുറവായ് അനുഭവപ്പെട്ടു. മലകയറ്റത്തില്‍ തളര്‍ച്ചയും പ്രതീക്ഷയും മനസ്സില്‍ പ്രതീതമായി വന്നു. തളര്‍ച്ചയെ വകവെക്കാതെ ഞങ്ങള്‍ കുറിഞ്ഞിപ്പൂക്കളുടെ മടിത്തട്ടിലേക്ക് നടന്നടുക്കുമ്പോള്‍ സുഹൃത്തിന്റെ ആരോഗ്യം തുടര്‍ന്നുള്ള പ്രയാണത്തിന് തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കീഴ്പ്പെട്ടു. നീല വര്‍ണ്ണ പുതപ്പിട്ടു സുന്ദരിയായ പ്രകൃതിയെ കാണാനുള്ള ആഗ്രഹം നിറവേറുവാനായ് സുഹൃത്തിനെ ഒരിടത്ത് ഇരുത്തിയിട്ട് ഞാന്‍ തനിയെ നടന്നകന്നു.

കണ്ണുകള്‍ക്ക്‌ കുളിരേകുന്ന ആ കാഴ്ച മനസ്സില്‍ സന്തോഷത്തിന്റെ അലകളാല്‍ നിറഞ്ഞു. ഒരു വ്യാഴവട്ടകാലത്തില്‍ പ്രകൃതിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായ് ശ്യാമവര്‍ണ്ണം കൊണ്ട് ചായം പൂശാന്‍ കടന്നുവരുന്ന കുറിഞ്ഞികള്‍ പ്രകൃതിയുടെ വ്യതിയാനത്തിന്റെ ഫലമായ് കാലം തെറ്റി പൂത്തുലഞ്ഞിരിക്കുന്നു. ആരാധകരും പ്രകൃതി സ്നേഹികളും നീലക്കുറിഞ്ഞികളുടെ മാറില്‍ നിവര്‍ന്നു നിന്ന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ കാഴ്ച കണ്‍ നിറയെ കാണുന്നത് ഭാഗ്യമാണ്.

മനസ്സുനിറയെ കാഴ്ചകള്‍ ആസ്വദിച്ചതിനുശേഷം മലയിറങ്ങുമ്പോള്‍ ചില യഥാര്‍ത്ഥ പ്രകൃതിസ്നേഹികള്‍ കുറിഞ്ഞികള്‍ നുള്ളിയെടുത്ത് കൈക്കലാക്കി കടന്നുപോകുന്ന കാഴ്ചകളും സുലഭമാണ്. കോടമഞ്ഞിന്റെ കാഠിന്യം കൂടുന്നത് കണക്കിലെടുത്ത് നിറഞ്ഞ മനസ്സുമായി ഞാന്‍ നടന്നകന്നു. മലമുകളിലെ കാഴ്ചകളെ വര്‍ണിച്ചുകൊണ്ട് ഞാനും സുഹൃത്തും അടുത്ത പൂക്കാലത്തെ പ്രതീക്ഷിച്ചുകൊണ്ട് യാത്ര തിരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close