സാധ്വി നിരഞ്ജന്റെ പ്രസംഗം അനുചിതം: പ്രധാനമന്ത്രി

modi in rajyasabha

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളെയും സ്തംഭിപ്പിച്ചു നടക്കുന്ന ബഹളത്തില്‍ ഇടപെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.

പ്രസംഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് സാധ്വിയുടെ പ്രസംഗം. ഇത്തരം ഭാഷാപ്രയോഗത്തെ ഞാന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വിവാദ പ്രസംഗത്തിന് മന്ത്രി ലോക്‌സഭയില്‍ മാപ്പു പറഞ്ഞതാണ്. ഇത് അംഗീകരിച്ച് പ്രതിപക്ഷം സഭാനടപടികള്‍ തുടരാന്‍ അനുവദിക്കണം. ഇതിന് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ മുന്‍കൈയെടുക്കണം-പ്രധാനമന്ത്രി പറഞ്ഞു.

മാപ്പര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്- ആനന്ദ് ശര്‍മ പറഞ്ഞു.

സത്യപ്രതിജ്ഞാലംഘനം നടത്തിയ സാധ്വിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് സി.പി.എം. അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു.

ലോക്‌സഭയിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി വിവാദ പ്രസംഗം നടത്തിയത്. രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമാണ് അവര്‍ പ്രസ്താവിച്ചത്. ബി.ജെ.പിക്ക് വോട്ട് തേടുന്ന വേളയിലായിരുന്നു ഈ പ്രസ്താവന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close