ഈജിപ്തില്‍ 188 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

egypt brotherhood

പോലീസ് സ്റ്റേഷന്‍ ആക്രമിച്ചകേസില്‍ ഈജിപ്തില്‍ 188 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ. ഇവരില്‍ 143 പേര്‍ ജയിലിലാണ്. 2013 ആഗസ്ത് 14-ന് കയ്‌റോ നഗരപ്രാന്തത്തിലെ കെര്‍ദാസ സ്റ്റേഷന്‍ ആക്രമിച്ച് 13 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചത്.

കയ്‌റോയിലെ രണ്ട് ബ്രദര്‍ഹുഡ് പ്രതിഷേധക്യാമ്പുകള്‍ സുരക്ഷാ സേനകള്‍ നീക്കം ചെയ്ത ദിവസമാണ് കേസിനാസ്പദമായ സ്റ്റേഷന്‍ ആക്രമണം നടന്നത്. ക്യാമ്പുകള്‍ നീക്കിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 700-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഈജിപ്തില്‍ വധശിക്ഷാവിധികള്‍ മതശാസനകളില്‍ തീരുമാനമെടുക്കുന്ന ഗ്രാന്‍ഡ് മുഫ്തിയുടെ അംഗീകാരത്തിന് ശേഷമേ നടപ്പാക്കാനാവൂ. മുഫ്തിയുടെ തീരുമാനം ജനവരി 24-നാണ് പുറത്തുവരിക.

കഴിഞ്ഞ വര്‍ഷം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ സൈന്യം നീക്കിയ ശേഷം 1400-ഓളം പേര്‍ കൊല്ലപ്പെടുകയും നൂറ് കണക്കിന് പ്രതിഷേധക്കാര്‍ക്ക് അതിവേഗ കോടതികള്‍ വധശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

ഈജിപ്ത് സുരക്ഷാസേനകളെ നിയന്ത്രിക്കുകയും പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയും വേണമെന്ന് ചൊവ്വാഴ്ചയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാസേനകള്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളോട് ഈജിപ്ത് ഭരണകൂടം ഉത്തരവാദരഹിതമായ സമീപനം സ്വീകരിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കോടതി വിധിക്കെതിരെ പ്രതിപക്ഷ, ഇടതു സംഘടനകള്‍ രംഗത്തെത്തി. ഭരണകൂടം കോടതികളില്‍ ഇടപെടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, ആരോപണം നിഷേധിച്ച പട്ടാള ഭരണാധികാരിയും മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ രഹസ്യാന്വേഷണ മേധാവിയുമായിരുന്ന അബ്ദുല്‍ ഫത്താഹ് സിസി ഈജിപ്ത് ആധുനിക ജനാധിപത്യസ്ഥാപന പാതയിലാണെന്ന് അവകാശപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close