ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സംസ്ക്കാരം ഇന്ന് വൈകിട്ട്

krishnayyer1

പ്രമുഖ നിയമജ്ഞനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍(100) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയ്ക്കാണ് അന്തരിച്ചത്. നവംബര്‍ 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണയ്യരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞദിവസം അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായി.  ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. വെന്റിലേറ്ററിന്റെ സഹായം നല്‍കേണ്ടതില്ലെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. മരണ സമയത്ത് ഇളയ മകന്‍ പരമേശ് കൃഷ്ണയ്യര്‍ അടുത്തുണ്ടായിരുന്നു.

കൃഷ്ണയ്യരുടെ ഭൗതികശരീരം നാളെ രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം ആറു മണിക്ക് രവിപുരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

ആധുനിക ഇന്ത്യയുടെ നിയമ ശില്‍പ്പികളില്‍ പ്രമുഖനായിരുന്ന കൃഷ്‍ണയ്യര്‍ 1915ല്‍ പാലക്കാട് ശേഖരീപുരത്ത് ആണ് ജനിച്ചത്. കൊയിലാണ്ടിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പാലക്കാട്ട് കോളേജ് വിദ്യാഭ്യാസവും മദ്രാസില്‍ നിയമ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ കൃഷ്ണയ്യര്‍ തലശേരിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലബാറിലെ കര്‍ഷകസമരങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. 1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭാംഗമായി. പിന്നീട് 1957ല്‍ തലശേരിയില്‍ നിന്ന് വിജയിച്ച കൃഷ്ണയ്യര്‍ കേരളത്തിലെ ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ആഭ്യന്തരം, നിയമം, സാമൂഹികക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്‍തത്. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു. കൃഷ്‍ണയ്യരുടെ വിധികള്‍ മറ്റ് രാജ്യങ്ങളിലെ കോടതികള്‍ വരെ മാതൃകയാക്കിയിട്ടുണ്ട്. പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി വി ആര്‍ കൃഷ്ണയ്യരുടെ മരണത്തില്‍ അനുശോചിച്ചു. മികച്ച അഭിഭാഷകന്‍, പ്രഗത്ഭനായ ന്യായാധിപന്‍, എല്ലാറ്റിനുമുപരി വലിയ മനുഷ്യനുമായിരുന്നു കൃഷ്ണയ്യരെന്ന് മോദി അനുസ്മരിച്ചു. കൃഷ്ണയ്യരോടൊപ്പമുള്ള ഫോട്ടോയും മോദി ട്വിറ്ററിലെ അനുശോചന സന്ദേശത്തില്‍ പോസ്റ്റ് ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close