കശ്മീരില്‍ പട്ടാളക്യാമ്പിന് നേരെ ഭീകരാക്രമണം: 17 മരണം

kashmir5

നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മീരില്‍ നാലിടത്ത് വെള്ളിയാഴ്ച ശക്തമായ ഭീകരാക്രമണം.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മൊഹ്‌റ പട്ടണത്തിലെ പട്ടാളക്യാമ്പിനു നേരേ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ലെഫ്. കേണലുള്‍പ്പെടെ എട്ട് സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരസംഘത്തിലുണ്ടായിരുന്ന ആറു പേരേയും സുരക്ഷാസേന വധിച്ചു.

ശ്രീനഗറടക്കം മറ്റുചില പ്രദേശങ്ങളിലും വെള്ളിയാഴ്ച ഭീകരര്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി. ഈ സംഭവങ്ങളില്‍ ലഷ്‌കറെ തൊയ്ബ കമാന്‍ഡറും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നുണ്ട്. അതിനിടെയുണ്ടായ ആക്രമണം സുരക്ഷാകേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക വിതച്ചു. എന്നാല്‍ മോദിയുടെ സന്ദര്‍ശനം റദ്ദാക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തമാണ് ഭീകരരെ പ്രകോപിപ്പിച്ചതെന്ന് പ്രതിരോധമന്ത്രി മനോഹര്‍പരീഖറും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പറഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന വിഘടനവാദികളുടെ ആഹ്വാനം തള്ളി 70 ശതമാനത്തിലേറെപ്പേരാണ് ആദ്യരണ്ട് ഘട്ടങ്ങളില്‍ വോട്ടുചെയ്തത്.

ബാരാമുള്ള ജില്ലയിലെ ഉറി താലൂക്കില്‍പ്പെട്ട മൊഹ്‌റയിലെ ഫീല്‍ഡ് ഓര്‍ഡിനന്‍സ് ക്യാമ്പിനു നേരേയാണ് പുലര്‍ച്ചെ 3.10ന് ആക്രമണം ഉണ്ടായത്. പീരങ്കിസേനയുടെ ചെറുക്യാമ്പാണിത്. ഇതിന്റെ മുള്ളുവേലികള്‍ മുറിച്ച് പ്രധാന കവാടത്തിനടുത്തെത്തിയ ഭീകരര്‍ റോക്കറ്റുപയോഗിച്ച് പട്ടാളക്കാരുടെ ബങ്കറുകള്‍ക്കു നേരേ ഗ്രനേഡുകള്‍ ഉതിര്‍ക്കുകയായിരുന്നു. ഇതാണ് കനത്ത ആള്‍നാശത്തിന് വഴിവെച്ചത്.
വിവരമറിഞ്ഞെത്തിയ സൈന്യത്തിന്റെ ദ്രുതപ്രതികരണസേനയുടെ വാഹനത്തിന് നേരേ ക്യാമ്പിന് മുന്നില്‍വെച്ച് ഭീകരര്‍ വെടിയുതിര്‍ത്തു. ഇതിനിടെയാണ് ലഫ്.കേണല്‍ സങ്കല്‍പ്പ് കുമാറും രണ്ട് സൈനികരും കൊല്ലപ്പെട്ടത്. യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. അമ്പതിലേറെ തിരശേഖരം, 32 ഗ്രനേഡുകള്‍, ആറ് എ.കെ-47 തോക്കുകള്‍ മറ്റ് രണ്ട് തോക്കുകള്‍ എന്നിവ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തു.

മണിക്കൂറുകള്‍ക്കു ശേഷമാണ് തലസ്ഥാനമായ ശ്രീനഗറിലെ സൗരയില്‍ ഏറ്റുമുട്ടലുണ്ടായത്. പോലീസിനെ വെട്ടിച്ച് കാറില്‍ കടന്നുകളയുകയായിരുന്ന രണ്ട് ഭീകരരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പോലീസിന്റെ വെടിയേറ്റ് ലഷ്‌കറെ തൊയ്ബ കമാന്‍ഡറും പാക് പൗരനുമായ ഖാരി ഇസാര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട രണ്ടാമത്തെ ഭീകരനായി തിരച്ചില്‍ തുടരുകയാണ്.

തെക്കന്‍കശ്മീരിലെ ത്രാലില്‍ ബസ് സ്റ്റാന്‍ഡില്‍ ഭീകരരുടെ ഗ്രനേഡാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു.
ഷോപ്പിയാന്‍ പോലീസ് സ്റ്റേഷന് നേരേയാണ് നാലാമത്തെ ആക്രമണം ഉണ്ടായത്. ഗ്രനേഡുപയോഗിച്ചായിരുന്നു ആക്രമണം. എന്നാല്‍, ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇവിടെയും ഭീകരര്‍ക്കായി സേന തിരച്ചില്‍ തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close