ചാവേറുകളെത്തിയെന്ന് സൂചന; കശ്മീരില്‍ മോദിയുടെ സുരക്ഷ ശക്തിപ്പെടുത്തും

 

modi23

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ലഷ്‌കറെ തൊയ്ബയുടെ നാലോ അഞ്ചോ ചാവേറുകള്‍ ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

കശ്മീര്‍ താഴ്വരയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ച പ്രധാനമന്ത്രിയെത്താനിരിക്കെ സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്താന്‍ മറ്റ് സുരക്ഷാസേനകള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതും വലുതുമായ ആറു പരിപാടികളിലാണ് മോദി പങ്കെടുക്കുക.

പ്രധാനമന്ത്രി പ്രസംഗിക്കാനിരിക്കുന്ന വേദിയുടെ ഒന്‍പത് കിലോമീറ്റര്‍മാത്രം അകലെയാണ് വെള്ളിയാഴ്ച ലഷ്‌കര്‍-ഇ തൊയ്ബ ഭീകരരും പോലീസും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ പാക് വംശജനായ ഭീകരരിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച സൈനികക്യാമ്പിന് നേരേയുണ്ടായ ആക്രമണം അടക്കം ഈയിടെയുണ്ടായ എല്ലാ ഭീകരാക്രമണങ്ങളുടെ പിന്നിലും പാകിസ്താന്‍ സേനയുടെ പിന്തുണയുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. തിരഞ്ഞെടുപ്പുകള്‍ സുഗമമായും വന്‍ ജനകീയപങ്കാളിത്തത്തോടെയും നടക്കുന്നത് സംസ്ഥാനം പ്രശ്‌നബാധിതമല്ലെന്നും കശ്മീര്‍ ജനത ഇന്ത്യയുടെ പരമാധികാരം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നതിന് തെളിവായും വിലയിരുത്തപ്പെടും. ഇത് വിഘടനവാദികളുടേയും അവരെ പിന്തുണയ്ക്കുന്ന പാകിസ്താന്റേയും അവകാശവാദങ്ങളുടെ മുനയൊടിക്കും. ഈ സാഹചര്യത്തിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആക്രമണം രൂക്ഷമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച ആക്രമണം നടന്ന മൊഹ്‌റ, രണ്ട് ദിവസംമുമ്പ് ആക്രമണം നടന്ന തുത്മാര്‍ ഗലി തുടങ്ങിയ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എത്തണമെങ്കില്‍ പാക് സേനയുടെ സഹായം കൂടിയേ തീരൂവെന്ന് മുന്‍ കരസേനാ ഉപമേധാവി റിട്ട. ലഫ്.ജനറല്‍ രാജ് കാദ്യാന്‍ അഭിപ്രായപ്പെട്ടു. അവര്‍ ധരിച്ചിരുന്ന മഞ്ഞുകാലത്ത് ഉപയോഗിക്കുന്നതരം ബൂട്ടുകള്‍, ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം പാക് സേന ലഭ്യമാക്കിയതാവാമെന്ന് അദ്ദേഹം പറയുന്നു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ഇന്ത്യാ സൈനികര്‍ക്കുപോലും ഇത്തരം ബൂട്ടുകളും വസ്ത്രങ്ങളും ലഭ്യമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close