കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍

 

kerala secratariat

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര പദ്ധതികള്‍ മുതലെടുക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തുന്നുവെന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണിത്.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നല്‍കി. കേന്ദ്ര സര്‍ക്കാറുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പദ്ധതികള്‍ നഷ്ടപ്പെടരുതെന്ന ചിന്തയുടെ ഭാഗമാണിത്.

എല്ലാ വകുപ്പിലും ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നോക്കി അതിനനുസൃതമായി നിര്‍ദേശങ്ങള്‍ തയ്യാറാക്കണം. മാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കണം.

കേന്ദ്ര സര്‍ക്കാറിന്റെ പല പദ്ധതികളും പ്രയോജനപ്പെടുത്തുന്നതില്‍ കേരളം വളരെ പിന്നിലാണെന്നതാണ് അനുഭവം. കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളം കൈവരിച്ച നേട്ടങ്ങളുടെ പേരില്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതുമാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുമ്പിലായതിനാല്‍ ഈ മേഖലയെ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തിന് അപേക്ഷിക്കാന്‍ പോലും പറ്റാറില്ല.

ചില പദ്ധതികള്‍ കേരളത്തിനനുസരിച്ച് മാറ്റാനാകും. ചില പദ്ധതികളില്‍ സംസ്ഥാന വിഹിതം കൂട്ടിച്ചേര്‍ത്ത് സംസ്ഥാനത്തിന്റെ സാഹചര്യത്തിന് അനുസൃതമാക്കാം. ഇതര സംസ്ഥാനങ്ങള്‍ക്ക് മുമ്പേ കേരളം ചില നേട്ടങ്ങള്‍ കൈവരിച്ചത് ശിക്ഷയായി മാറരുത്. ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം പലയവസരങ്ങളിലും പിന്നിലായി പോകുകയാണ്. ഡല്‍ഹിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതില്‍ വരുന്ന വീഴ്ചയും വടക്കേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ദക്ഷിണേന്ത്യന്‍ മേഖലയോടുള്ള താത്പര്യക്കുറവും ഇതിന് കാരണമാകാറുണ്ട്.

ഈ കുറവ് പരിഹരിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്നത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തെയും സേവന മേഖലയെയും ബാധിക്കുന്നുവെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.

ഫെഡറല്‍ സംവിധാനത്തില്‍ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും വിഹിതം കിട്ടേണ്ടത് കുറയുന്നത് യഥാര്‍ഥത്തില്‍ നഷ്ടം തന്നെയാണ്. ആസൂത്രണബോര്‍ഡ് ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചത്.

വൈബ്‌സൈറ്റ് നോക്കിയും കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടും പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ ശേഖരിക്കണം. ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ കേരള ഹൗസ് ലെയ്‌സണ്‍ ഓഫീസറുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇ മെയില്‍, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രചാരണസ്വഭാവമുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ഇവ വഴി ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കുന്നതടക്കമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പരിപാടികളോട് സംസ്ഥാനം താത്പര്യം കാട്ടിയിരുന്നില്ല. ശുചിത്വഭാരത പരിപാടിയോട് കോണ്‍ഗ്രസ് വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം പ്രഖ്യാപിക്കുന്ന മറ്റ് പദ്ധതികളോട് മുഖം തിരിക്കേണ്ടെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എം.പിമാര്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും ഓരോ ഗ്രാമം നിര്‍ദേശിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close