പാലക്കാടന്‍ കുതിപ്പോടെ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം

school meet

ദീര്‍ഘദൂര ട്രാക്കിലെ പാലക്കാടന്‍ കുതിപ്പോടെ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം. മീറ്റിന്റെ ആദ്യ പ്രഭാതത്തില്‍ത്തന്നെ രണ്ടു മീറ്റ് റെക്കോര്‍ഡുകളും പിറന്നു. മേളയിലെ ആദ്യ രണ്ടു സ്വര്‍ണവും പാലക്കാടാണ് നേടിയത്. പറളി സ്കൂളിന്റെ മുഹമ്മദ് അഫ്സല്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലും എം.വി. വര്‍ഷ 3000 മീറ്ററിലും സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ സിജോ മാത്യു മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 2012ല്‍ മുഹമ്മദ് അഫ്സല്‍ കുറിച്ച റെക്കോര്‍ഡാണ് ബിപിന്‍ തിരുത്തിയെഴുതിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍. ആതിര സ്വര്‍ണം നേടി. കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിക്കാണ് ഈയിനത്തില്‍ വെള്ളി.

മല്‍സരങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഓവറോള്‍ കിരീടത്തിനായുള്ള ജില്ലകളുടെ പോരാട്ടവും ആരംഭിച്ചു. നാല് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 12 പോയിന്റുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്.

കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തിലാണു കായികമേള നടക്കുന്നത്. ഇന്നു 18 ഫൈനലുകളുണ്ട്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത. നിലവിലെ ജേതാക്കളായ എറണാകുളവും രണ്ടാം സ്ഥാനക്കാരായ പാലക്കാടും തമ്മില്‍ ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്നു. ഉത്തേജകമരുന്ന് പരിശോധനയ്ക്കായി നാഡ സംഘവും ഇന്നെത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close