ഫിലിപ്പീന്‍സില്‍ 12 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

philippines

മധ്യ ഫിലിപ്പീന്‍സില്‍ ഹാഗുപിറ്റ് ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ഹയാന്‍ കൊടുങ്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് ഫിലിപ്പീന്‍സ് കരകയറവേയാണ് ഹാഗുപിറ്റ് (ഫിലിപിനോ ഭാഷയില്‍ ചാട്ടയടി എന്നര്‍ഥം) വീടുകളും വൈദ്യുത ശൃംഖലയും തകര്‍ത്തും മരങ്ങള്‍ കടപുഴക്കിയും താണ്ഡവമാടിയത്. മണിക്കൂറില്‍ 140 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റടിച്ചത്. ഹയാന്‍ കൊടുങ്കാറ്റില്‍ കഴിഞ്ഞ വര്‍ഷം 7000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സമര്‍ദ്വീപിന്റെ കിഴക്കന്‍ തീരത്തെ ഡോളേഴ്‌സ് പട്ടണത്തില്‍ ശനിയാഴ്ച രാത്രി 210 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. റോഡുകളിലൊക്കെ വന്‍മരങ്ങള്‍ കടപുഴകി വീണുകിടക്കുകയാണ്. കാറ്റിന്റെ ശക്തിയില്‍ നിരവധി വീടുകള്‍ പറന്നുപോയി. പലയിടത്തും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്.

കാറ്റിനെത്തുടര്‍ന്ന് തീരദേശത്തെ 12 ലക്ഷത്തോളം പേര്‍ 1500 ഓളം ദുരിതാശ്വസ ക്യാമ്പുകളില്‍ അഭയം തേടി. കൊടുങ്കാറ്റിനിരയായ പ്രദേശങ്ങളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായതിനാല്‍ നാശനഷ്ടത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായിട്ടില്ല. കിഴക്കന്‍ സമറില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

പസഫിക് സമുദ്രത്തില്‍ വെച്ച് നേരത്തേ കാറ്റഗറി അഞ്ച് വരെ ശക്തിപ്രാപിച്ച് സൂപ്പര്‍കൊടുങ്കാറ്റായി മാറിയിരുന്ന ഹാഗുപിറ്റ് ഞായറാഴ്ച കാറ്റെയ്ന്‍ഗന്‍ പട്ടണത്തില്‍ വീണ്ടും കരതൊട്ടപ്പോള്‍ ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടായി മാറിയിരുന്നു. വൈദ്യുത ശൃംഖലകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് സമര്‍, ലെയ്‌റ്റെ, തക്ലോബാന്‍, മാസ്‌ബേറ്റ്, സെബു ദ്വീപ്, ലുസോണ്‍ ദ്വീപിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളൊക്കെ ഇരുട്ടിലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 2000 സൈനികരെ നിയോഗിച്ചതായി സൈനിക തലവന്‍ ജനറല്‍ ഗ്രിഗോറിയോ കാറ്റാപാങ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close