ബാലറ്റിന് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ട് : നരേന്ദ്രമോദി

modi mission44+

ബാലറ്റിന് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്നും കശ്മീര്‍ജനത കാണിക്കുന്ന സ്‌നേഹത്തിന് വികസനത്തിലൂടെ പലിശസഹിതം അത് തിരിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിലെ സാംബയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രാചരണറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ജനങ്ങളുടെ ദുഃഖം പങ്കുവെക്കാനും കണ്ണീര്‍ തുടയ്ക്കാനുമാണ് താനെത്തിയതെന്ന് ശ്രീനഗറിലെ ഷേറെ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പരമ്പരാഗതവസ്ത്രമായ ഫെറാന്‍ ധരിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
‘ഞാനിവിടെ ജൂലായിലും ആഗസ്തിലും സപ്തംബറിലും ഒക്ടോബറിലും നവംബറിലും ഡിസംബറിലും വന്നു. 2014-ല്‍ ഞാന്‍ വന്നു. അടല്‍ബിഹാരി വാജ്‌പേയിയുടെ കശ്മീരിനെക്കുറിച്ചുള്ള സ്വപ്‌നം സഫലമാക്കാന്‍ 2015-ലും ഞാന്‍ വരും. ഇവിടെനിന്ന് എന്തെങ്കിലും കൊണ്ടുപോകാനല്ല, നിങ്ങളുടെ ദുഃഖം പങ്കുവെക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.

നിങ്ങളുടെ സ്വപ്‌നം ഞാന്‍ എന്റേതാക്കും. സര്‍ക്കാര്‍ മുഴുവനും നിങ്ങളെ സേവിക്കും. അഴിമതി കശ്മീരിനെ നശിപ്പിച്ചിരിക്കുകയാണ്. കശ്മീരിന് വികസനവും അഭിവൃദ്ധിയും ആവശ്യമാണ്. നിങ്ങള്‍ക്കിവ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ലോകത്ത് അതിവേഗം വളരുന്ന വ്യവസായമാണ് വിനോദസഞ്ചാരം. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ കശ്മീരല്ലാതെ മറ്റൊരു നല്ല സ്ഥലവും ഇന്ത്യക്കില്ല’ -അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ടുഘട്ടങ്ങളിലും വന്‍തോതില്‍ വോട്ടുചെയ്യാനെത്തിയ കശ്മീരികളെ അദ്ദേഹം പ്രശംസിച്ചു. സംസ്ഥാനത്ത് കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ‘കോണ്‍ഗ്രസ്സിന്റെയും അച്ഛന്റെയും മകന്റെയും (നാഷണല്‍ കോണ്‍ഫ്രന്‍സ്), അച്ഛന്റെയും മകളുടെയും (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) സര്‍ക്കാറുകളെ നിങ്ങള്‍ കണ്ടിട്ടുണ്ട്. ഈ കുടുംബവാഴ്ചയും അഴിമതിയും അവസാനിപ്പിക്കുക. കശ്മീരിലെ അഴിമതി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരവസരം തരിക’ -അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഉറിയിലുണ്ടായ ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഒരുക്കിയിരുന്നത്. ചൊവ്വാഴ്ചയാണ് ജമ്മുകശ്മീരില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുള്‍പ്പെടെ 138 സ്ഥാനാര്‍ഥികള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ബദാമിബാഗിലെ സേനാ ആസ്ഥാനത്തെത്തി രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close