കശ്മീരിലും ജാര്‍ഖണ്ഡിലും മൂന്നാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി

mh election2

ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ തുടങ്ങി. കനത്ത സുരക്ഷയാണ് ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരില്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയും ജാര്‍ഖണ്ഡില്‍ മാവോവാദികളുടെ സാന്നിധ്യവും കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

ജമ്മു കശ്മീരീലെ 16 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്ന് സംസ്ഥാന മന്ത്രിമാരും അടക്കമുള്ള 144 സ്ഥാനാര്‍ഥികള്‍ മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നു. പുല്‍വാമ, ബരാമുള്ള, ബുദ്ഗാം ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ എട്ടിന് മുമ്പുതന്നെ കൊടും ശൈത്യം അവഗണിച്ച് നിരവധി വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളില്‍ എത്തിയിരുന്നു.

കശ്മീരില്‍ വെള്ളിയാഴ്ച ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തില്‍ 11 സുരക്ഷാ സൈനികരും എട്ട് തീവ്രവാദികളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മമീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ റെക്കോര്‍ഡ് പോളിങ്ങാണ് (70 ശതമാനം) രേഖപ്പെടുക്കിയത്. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തിയത്.

ജാര്‍ഖണ്ഡില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. എട്ടു ജില്ലകളിലെ 17 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി, മുന്‍ അസംബ്ലി സ്പീക്കര്‍ സി പി സിങ്, മന്ത്രിമാരായ രാജേന്ദ്രപ്രസാദ് സിങ്, അന്നപൂര്‍ണാദേവി, ജയ്പ്രകാശ്ഭായ് പട്ടേല്‍ എന്നിവരും എട്ട് എം എല്‍ എമാരും 103 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ് ചൊവ്വാഴ്ച ജനവിധി തേടുന്നത്. മാവോവാദി സാന്നിധ്യമുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 1477 ബൂത്തുകള്‍ പ്രശ്‌നസാധ്യതയുള്ളതായി വിലയിരുത്തിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പിന് വിന്യസിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്ക് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരെയും പോളിങ് ഉദ്യോഗസ്ഥരെയും വിവിധ ബൂക്കുകളില്‍ എത്തിക്കാനും വ്യോമ നിരീക്ഷണത്തിനുമായി ആറ് ഹെലിക്കോപ്റ്ററുകാണ് ഇവിടെ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ നേരില്‍ക്കണ്ട് മനസിലാക്കുന്നതിനുവേണ്ടി കെനിയയില്‍ നിന്നുള്ള പത്തംഗ സംഘം റാഞ്ചിയില്‍ എത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close