നാല് ബാറുകളുടെ അപേക്ഷകള്‍ കൂടി പരിഗണിക്കാന്‍ കോടതി നിര്‍ദേശം

bar khc

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നാല് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിക്കുന്നത് പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്റേതാണ് ഉത്തരവ്. അതിനിടെ നേരത്തെ 9 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിനും ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ തുടര്‍ നടപടിക്ക് സര്‍ക്കാറിന് 10 ദിവസത്തെ സാവകാശം ഹൈക്കോടതി നല്‍കി. എക്‌സൈസ് കമ്മീഷണര്‍, ടാക്‌സ് കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്.

ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം എക്‌സൈസ് കമ്മീഷണര്‍ ഡിസംബര്‍ 19 ന് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. പൂട്ടിക്കിടക്കുന്ന ബാറുകളില്‍ 10 എണ്ണത്തിന് കൂടി ലൈസന്‍സ് നല്‍കാന്‍ നേരത്തെ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ലെന്നും തങ്ങളുടെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയില്ലെന്നും കാണിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി ബാറുടമകള്‍ നല്‍കിയത്.

അതിനിടെ കൊല്ലം പെരുമ്പുഴയിലെ ഹരിശ്രീ റസിഡന്‍സി, കോട്ടപ്പടിയിലെ ഹോട്ടല്‍ വില്ലേജ് ഇന്‍, പെരിന്തല്‍മണ്ണയിലെ ചെങ്ങറ ഹെറിറ്റേജ്, പത്തനംതിട്ടയിലെ മിഥില എന്നീ ഹോട്ടലുകളുടെ ലൈസന്‍സ് അപേക്ഷ പരിഗണിക്കാനാണ് ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്ക് വായ്പ എടുത്താണ് ഹോട്ടല്‍ പുതുക്കിയതെന്നും ലൈസന്‍സ് നിഷേധിച്ചതോടെ നഷ്ടം സംഭവിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത് പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close