അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍

ram naik

അയോധ്യയില്‍ രാമക്ഷേത്രം എത്രയുംവേഗം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദമായി. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം ആഗ്രഹം സാക്ഷാത്കരിക്കണമെന്നും അയോധ്യയ്ക്ക് സമീപമുള്ള ഫൈസാബാദിലെ അവാധ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ റാം നായിക് പറഞ്ഞു.

ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍ റാം നായിക് പ്രസ്താവന ആവര്‍ത്തിച്ചു. പ്രസ്താവനക്കെതിരെ സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഗവര്‍ണര്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോവുക എളുപ്പമാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

മുന്‍പും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കിയിട്ടുള്ള നേതാവാണ് റാം നായിക്. അയോധ്യാ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുവര്‍ഷത്തിനകം പരിഹരിക്കുമെന്ന് റാം നായിക് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. മോദി ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പി എം പിയും കേന്ദ്രമന്ത്രിയും ആയിരുന്ന റാം നായിക്കിനെ ജൂലായിലാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചത്.

ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന ബി ജെ പി എം പി സാക്ഷി മഹാരാജിന്റെ പ്രസ്താവനയും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനയും കേന്ദ്രസര്‍ക്കാരിന് കടുത്ത തലവേദനയുണ്ടാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close