ഐ.എസ്.ഐ.എസ് ആശയങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചയാള്‍ പിടിയിൽ

shami witness

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ പോലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ അയ്യപ്പ നഗറില്‍വെച്ചായിരുന്നു അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വിവരങ്ങളറിയാന്‍ 17,800 ലധികം പേര്‍ പിന്തുടരുന്ന ‘ഷാമി വിറ്റ്‌നസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരുവിലെ മള്‍ട്ടി നാഷണല്‍ പരസ്യകമ്പനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവാണെന്ന് ബ്രിട്ടനിലെ ‘ചാനല്‍ ഫോര്‍ ന്യൂസാ’ണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്.

ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചത് ബാംഗ്ലൂര്‍ സ്വദേശിയാണെന്ന വിവരം വെളിവായതോടെ സംസ്ഥാന – കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. കര്‍ണാടകത്തിലെ പ്രത്യേക പോലീസ് സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും തീവ്രവാദ സ്ലീപ്പര്‍ സെല്ലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഇന്ത്യയില്‍നിന്ന് കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഭീകരസംഘടനയിലെത്തിക്കുന്നത് മെഹ്ദിയാണെന്ന് ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇയാള്‍ 1,30,000 തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് കൊണ്ടുള്ളതായിരുന്നു ട്വീറ്റുകള്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി.

എല്ലാ കാര്യങ്ങളില്‍നിന്നും മാറിനില്‍ക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ അവരോടൊപ്പം ചേരുമായിരുന്നെന്നും എന്നാല്‍ കുടുംബത്തിന് എന്നെ ഇവിടെ ആവശ്യമാണെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി ചാനല്‍ പറയുന്നു.

ഇയാള്‍ കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസമെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടനിലെ ജിഹാദികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് പറയുന്നു. ഐ.എസ്. തീവ്രവാദികള്‍ അമേരിക്കന്‍ പൗരന്റെ തലവെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close