‘സൂപ്പര്‍ ബോയ്‌സ്’ നീക്കം ഉപേക്ഷിച്ചത് അജ്ഞാത ഫോണ്‍വിളിയെത്തുടര്‍ന്ന്

dawood ibrahim

കുപ്രസിദ്ധ അധോലോകനേതാവും 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള പദ്ധതി അവസാനനിമിഷം ഇന്ത്യ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്.

ഒളിവില്‍ കഴിയുന്ന പാകിസ്താനിലെ കറാച്ചിയില്‍ വെച്ച് ദാവൂദിനെ വധിക്കാന്‍ 2013-ല്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും ഇത് നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് വന്ന ഫോണ്‍വിളിയെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചുവെന്നുമാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ സംരക്ഷണയിലാണ് ദാവൂദ് കറാച്ചിയില്‍ കഴിയുന്നത്.

ദാവൂദിനെ പാകിസ്താനില്‍നിന്ന് വിട്ടുകിട്ടാനുള്ള എല്ലാ നീക്കവും പരാജയപ്പെട്ടതോടെയാണ് അതീവ രഹസ്യമായി വധിക്കാന്‍ പദ്ധതിയിട്ടത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങാണ് (റോ) ഇത് ആസൂത്രണം ചെയ്തതെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രത്യേകപരിശീലനം സിദ്ധിച്ച ഒമ്പത് കമാന്‍ഡോകളെ പാകിസ്താനിലേക്ക് അയച്ചു. ‘സൂപ്പര്‍ ബോയ്‌സ്’ എന്നായിരുന്നു ഇവരുടെ വിശേഷണം. ബംഗ്ലാദേശ്, സുഡാന്‍, നേപ്പാള്‍ പാസ്‌പോര്‍ട്ടുകളാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഈ നീക്കത്തിന് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ സഹകരണം ‘റോ’ തേടിയിരുന്നു. സപ്തംബര്‍ 13-ന് വധിക്കാനായിരുന്നു ഉദ്ദേശ്യം.
കറാച്ചിയിലെ ക്ലൂഫ്ടണ്‍ പ്രദേശത്തെ വീട്ടില്‍നിന്ന് ഡിഫന്‍സ് ഹൗസിങ് സൊസൈറ്റിയിലേക്ക് ദാവൂദ് ദിവസവും യാത്ര ചെയ്യാറുണ്ട്. ഈ യാത്രയ്ക്കിടെ വധിക്കാനായിരുന്നു പദ്ധതി. ദാവൂദിന്റെ കാറിന്റെ നമ്പര്‍, ഏറ്റവും പുതിയ ഫോട്ടോ എന്നിവ കമാന്‍ഡോ സംഘത്തിന് നല്‍കിയിരുന്നു.

എന്നാല്‍, പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ദുരൂഹമായ ഒരു ഫോണ്‍വിളിയെത്തി. ഇതേത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഏത് കേന്ദ്രത്തില്‍നിന്നായിരുന്നു വിളിയെന്നോ അതിന്റെ ഉള്ളടക്കമെന്തായിരുന്നെന്നോ ഈ വിവരം നല്‍കിയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close