ക്രിസ്മസ് വിപണി തിരിച്ചുപിടിക്കാന്‍ ശ്രമവുമായി താറാവുകര്‍ഷകര്‍

 

പനി വന്നുപോയെങ്കിലും പൊതുജനങ്ങളുടെ വിശ്വാസം താറാവിലേക്കു തിരിച്ചുവരാത്തതില്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ആശങ്ക. ക്രിസ്മസ് വിഭവങ്ങളില്‍ താറാവിറച്ചിക്കു പ്രാധാന്യമുള്ളതിനാല്‍ വരുന്ന ദിവസങ്ങളില്‍ കച്ചവടം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണു കച്ചവടക്കാര്‍. താറാവിറച്ചി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന ബോധവല്‍ക്കരണത്തിനായി കച്ചവടക്കാര്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടു മൂന്നാഴ്ച പിന്നിടുമ്പോള്‍ വിരലിലെണ്ണാവുന്ന താറാവുകള്‍ മാത്രമേ വിറ്റു പോയിട്ടുള്ളൂ. താറാവു മുട്ടയോടും ജനങ്ങള്‍ അകലംപാലിക്കുന്നു.

താറാവുമായി ഇടപെടുന്നവര്‍ക്കും താറാവിറച്ചി കഴിച്ചവര്‍ക്കും പനിയോ മറ്റു ശാരീരികാസ്വസ്ഥതകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കുട്ടനാട്ടിലെ പ്രധാന താറാവു വിപണി കളര്‍കോട് മുതല്‍ ചങ്ങനാശേരി വരെ 30 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന എസി റോഡരികിലെ കച്ചവടക്കാരാണ്. ഇവിടെ മുപ്പതിലേറെപ്പേരാണു പക്ഷിപ്പനിക്കു മുന്‍പു താറാവു കച്ചവടത്തിനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വരെ ഇവരില്‍ 13 പേര്‍ മാത്രമാണു കച്ചവടം പുനരാരംഭിച്ചത്. ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമാണ് ഒന്നോ രണ്ടോ താറാവുകളെ വീതമെങ്കിലും വില്‍ക്കാനായതെന്നു കച്ചവടക്കാര്‍ പറയുന്നു.

താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതുകൊണ്ടു പ്രശ്‌നങ്ങളില്ലെന്നു തെളിയിക്കാന്‍ ഹരിപ്പാട്ട് ഇന്നലെ ഐക്യ താറാവു കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. താറാവിറച്ചിയും
മുട്ടക്കറിയും അപ്പവുമായിരുന്നു ഭക്ഷ്യമേളയിലെ വിഭവങ്ങള്‍. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി കൂടുതല്‍ താറാവുകളെ വില്‍പനയ്‌ക്കെത്തിക്കാനാണു ഹോള്‍സെയില്‍ കച്ചവടക്കാരുടെ ലക്ഷ്യം. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നു താറാവുകളെ എത്തിക്കാന്‍ സാധ്യതയില്ല.

ക്രിസ്മസ് വിപണിയില്‍ താറാവിറച്ചിക്ക് ആവശ്യം വര്‍ധിക്കുകയും കുട്ടനാട്ടിലെ താറാവുകള്‍ വിറ്റുതീരുകയും ചെയ്താല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള താറാവുകളുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. പക്ഷിപ്പനി വലിയ വാര്‍ത്തയായതോടെയാണു സംസ്ഥാനത്ത് ഏറെ പ്രിയങ്കരമായിരുന്ന കുട്ടനാടന്‍ താറാവിന്റെ പ്രാധാന്യം കുത്തനെ ഇടിഞ്ഞത്.

പക്ഷിപ്പനി ബാധിച്ചതും പക്ഷിപ്പനി ബാധിത മേഖലയിലുണ്ടായിരുന്നതുമായ താറാവുകളെ മുഴുവന്‍ കൊന്നൊടുക്കിയതായി വാര്‍ത്തകള്‍ വന്നെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിന്നു പക്ഷിപ്പനിയുടെ ചൂടു മാറാത്തതാണു താറാവു വിപണിയെ തളര്‍ത്തിയത്. എങ്കിലും ക്രിസ്മസിനു ചൂടാറാത്ത താറാവു കറിയില്ലാതെ വിഭവങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത കുട്ടനാട്ടുകാരും കോട്ടയത്തുകാരുമുള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ താറാവിനെ വിശ്വസിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണു കര്‍ഷകര്‍ക്ക്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close