മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതിയ്ക്കു ജാമ്യം

mumbai terrorist attacker

മുംബൈ തീവ്രവാദി ആക്രമണക്കേസിലെ മുഖ്യപ്രതിയും ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. 26/11 ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ആയിരുന്നു ലഖ്‌വി. കടല്‍മാര്‍ഗം മുംബൈയിലെത്തി 166 പേരെ വധിച്ച 10 അംഗ തീവ്രവാദി സംഘത്തിന് പരിശീലനം നല്‍കിയതും ലഖ്‌വി ആയിരുന്നു.

മുബൈ തീവ്രവാദി ആക്രമണക്കേസില്‍ 2008 ല്‍ പാകിസ്താനില്‍നിന്ന് അറസ്റ്റിലായ ലഖ്‌വിയടക്കമുള്ള ഏഴുപേരെ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

പെഷവാറിലെ ആര്‍മി സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് കൊടുംതീവ്രവാദിക്ക് ജാമ്യം ലഭിച്ചത്.

ലഖ്‌വിക്ക് ജാമ്യം ലഭിച്ചതിനെ ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപകരില്‍ ഒരാളാണ് ലഖ്‌വി. പാകിസ്താന്‍ ഈ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഖ്‌വിക്കൊപ്പം മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക് മണ്ണില്‍ സ്വതന്ത്രനായി വിഹരിക്കുകയാണ്. കഴിഞ്ഞ ദിവസം സയീദ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close