അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍

isl muhammed rafi

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം സെമിയുടെ രണ്ടാംപാദ മല്‍സരം നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോളൊന്നും നേടാതിരുന്നതിനാലാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. കൊല്‍ക്കത്ത നാലു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോവ രണ്ടെണ്ണം മാത്രമാണ് വലയിലെത്തിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജോസമി, മൊഹമ്മദ് റാഫി, ജോഫ്രെ ഗോണ്‍സാലസ്, ബോര്‍ജ ഫെര്‍ണാണ്ടസ് എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ടോല്‍ഗേ ഒസ്ബെ, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും ആന്ദ്രേ സാന്റോസ്, സൊഹിബ് ഇസ്ലാം എന്നിവര്‍ക്ക് പിഴച്ചു. സാന്റോസ് എടുത്ത ആദ്യ കിക്ക് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നപ്പോള്‍തന്നെ ഗോവയുടെ വിധി വ്യക്തമായിരുന്നു.

നേരത്തെ ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ രണ്ടാംപാദ മല്‍സരം ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രതിരോധത്തിലൂന്നിയ ശൈലി മല്‍സരത്തെ അറുവിരസമാക്കി മാറ്റി. അല്‍പ്പമെങ്കിലും ഭേദപ്പെട്ട കളി പുറത്തെടുത്തത് ഗോവയായിരുന്നു. ആന്ദ്രെ സാന്റോസിനെ മുന്‍നിര്‍ത്തിയായിരുന്നു ഗോവയുടെ നീക്കങ്ങള്‍. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത നായകന്‍ ലൂയിസ് ഗാര്‍സ്യ പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞദിവസം ചെന്നൈയിന്‍ എഫ് സിയോടെ തോറ്റെങ്കിലും ഇരുപാദത്തിലുമായി 4-3ന് ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ശനിയാഴ്ച മുംബൈയിലാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close