‘ഗണേഷും കാവി കൂടാരത്തിലേക്കോ?’ വീക്ഷണം മുഖപ്രസംഗം

veekshanam against ganesh

യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ഗണേഷും കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെ എഴുതിയ ‘വീക്ഷണ’ത്തിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശം.

വീക്ഷണം മുഖപ്രസംഗം ഇങ്ങനെ.

യു ഡി എഫിലിരുന്നു മുത്ത് അളന്ന കൈക്കൊണ്ട് കാവി കൂടാരത്തില്‍ പോയി മോര് അളക്കാനാണ് കെ ബി ഗണേഷ് കുമാറിന്റെ ശ്രമം. ഏതാനും ദിവസം മുമ്പ് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചു പ്രതിപക്ഷത്തിന്റെ കൈയ്യടി നേടിയ കെ ബി ഗണേഷ് കുമാറിന്റെ ഇന്നലത്തെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമുണ്ടായിരുന്നു. യു ഡി എഫില്‍ നിന്ന് കലഹിച്ചു പോയാല്‍ എല്‍ ഡി എഫ് ഏറ്റെടുക്കുമെന്നുറപ്പില്ലാതായപ്പോഴാണ് സംഘ് പരിവാറില്‍ അദ്ദേഹം ആകൃഷ്ടനാവുന്നത്. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഗണേഷ് കുമാറിനും കാവി മോഹം മൊട്ടിട്ടത്. ബി ജെ പിയില്‍ അംഗത്വവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചായിരുന്നു ഗണേഷ് കുമാര്‍ ഇന്നലെ പത്രസമ്മേളനവും അഴിമതിക്കെതിരെയുള്ള പോരാട്ട പ്രഖ്യാപനവും നടത്തിയത്.

അനേകം നന്ദികേടുകളുടെയും നാണക്കേടുകളുടെയും നാറുന്ന ഭാണ്ഡക്കെട്ടുകള്‍ യു ഡി എഫില്‍ നിക്ഷേപിച്ചാണ് പത്തനാപുരം എം എല്‍ എ യു ഡി എഫില്‍ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഏതാണ്ടുറപ്പായപ്പോള്‍ പിന്നെ പാല് കൊടുത്ത കൈകളില്‍ കടിച്ചിട്ടാകാം പിണങ്ങി പോക്കെന്ന് ഗണേഷന്‍ തീരുമാനിച്ചിട്ട് നാളേറെയൊന്നും ആയില്ല. യു ഡി എഫില്‍ ഇരുന്നു കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ഗണേഷിന്റെ കൊലച്ചതി അനുവദിക്കില്ലെന്ന് യു ഡി എഫ് പ്രഖ്യാപിച്ചതോടെ അദ്ദേഹം തയ്യാറാക്കി വെച്ച തിരക്കഥയനുസരിച്ചുള്ള അഭിനയം ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന പേരിട്ട് തന്റെ നെറികേടിന് ആദര്‍ശ പരിവേഷം നല്‍കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. ആരാച്ചാര്‍ അഹിംസയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് ഗണേഷ് കുമാര്‍ അഴിമതിക്കെതിരെ സംസാരിക്കുന്നത്.

അഭിസാരിക പാതിവ്രത്യത്തെപറ്റി പറയുന്നത് പോലെയാണ് അദ്ദേഹം രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വിലപിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം ഗണേഷ് ആരംഭിക്കേണ്ടത് യു ഡി എഫില്‍ നിന്നല്ല; എവിടെ നിന്നാണെന്ന് ഞങ്ങള്‍ പറയുന്നില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ആര്‍ക്കെതിരെ തുടങ്ങണമെന്നും പറയുന്നില്ല. വയറ്റിലെ കുഞ്ഞിനെ വിശ്വസിച്ചു കൈയിലെ കുഞ്ഞിനെ കളയുരതെന്നേ പത്തനാപുരം എം എല്‍ എയോട് പറയാനുള്ളൂ. അച്ഛന്റെ തുണയും സിനിമയിലെ മേല്‍വിലാസവും കൊണ്ട് മാത്രമായിരുന്നില്ല ഗണേഷന്‍ പത്തനാപുരത്ത് ജയിച്ചത്. ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകരുടെ അഹോരാത്ര പ്രവര്‍ത്തനമായിരുന്നു പത്തനാപുരത്ത് ഗണേഷിനെ വിജയിപ്പിച്ചത്.

2001ലെ മന്ത്രിസഭയില്‍ പിള്ളയ്ക്ക് മന്ത്രിയാകാനുള്ള സാങ്കേതിക തടസ്സം മകന് അനുഗ്രഹമായി മാറുകയായിരുന്നു. വേണമെങ്കില്‍ ഭരണപരിചയ കുറവ് ചൂണ്ടിക്കാണിച്ചു എ കെ ആന്റണിക്ക് ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തമായിരുന്നു. പക്ഷെ; മുന്നണി രാഷ്ട്രീയത്തിലെ മര്യാദയനുസരിച്ച് കന്നി എം എല്‍ എയായ ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറായി. 2011ലെ തിരഞ്ഞെടുപ്പില്‍ അച്ഛന്റെ അഭാവം വീണ്ടും ഗണേഷ് കുമാറിനെ തുണച്ചു; പിള്ളയുടെ ഇഷ്ടം നോക്കാതെ ഉമ്മന്‍ചാണ്ടി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കി. ഇതിന്റെ പേരില്‍ അച്ഛനും മകനും നടത്തിയ മല്ല യുദ്ധങ്ങളും ഒത്തുതീര്‍പ്പും വീണ്ടും കലഹവും യു ഡി എഫിനുണ്ടാക്കിയ നാണക്കേട് ചില്ലറയായിരുന്നില്ല. അതിനിടയിലാണ് ഗണേഷന്റെ കുടുംബവഴക്കും പെണ്‍വിവാദങ്ങളുമൊക്കെ മസാല സിനിമകളുടെ എരിവും പുളിവോടെയും മറനീക്കി പ്രദര്‍ശിക്കപ്പെട്ടത്.

ഈ വിവാദമായിരുന്നു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് താണുകൊണ്ടിരുന്ന ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താനാവാതെ പോയത് യു ഡി എഫിന്റെ കൂടോത്രമോ ഉമ്മന്‍ചാണ്ടിയുടെ ചാത്തന്‍ സേവയോ ആയിരുന്നില്ല; സ്വന്തം പ്രവര്‍ത്തികളിലെ കണ്ടകശനി കൊണ്ടായിരുന്നു. അതിനെയാണ് സ്വയംകൃതാനര്‍ത്ഥമെന്ന് പറയുന്നത്. പടയിറങ്ങിപോകുമ്പോള്‍ മറ്റുള്ളവരെ പുളിച്ച തെറി പറയുന്ന ഗണേഷ് കുമാര്‍ ഇന്നലകളെ വിസ്മരിക്കരുത്. സ്വന്തം ശ്രേയസ്സിനായി കുടുംബബന്ധങ്ങളും രക്തബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞ അദ്ദേഹത്തിന് കാവിലഹരി മൂക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും നിഷ്പ്രയാസം പറിച്ചെറിയാനാകും. സിനിമയിലെ വേഷങ്ങള്‍ മാറുന്നത് പോലെ ലളിതമല്ല; രാഷ്ട്രീയത്തിലെ വേഷങ്ങള്‍ മാറുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തണലില്‍ വളര്‍ന്ന ഗണേഷ് കുമാര്‍ സംഘ് പരിവാറിന്റെ താലമെടുത്താണ് എഴുന്നെള്ളിപ്പിന് അണിനിരക്കുന്നതെങ്കില്‍ അത് ആത്മഹത്യാപരമായ ഒന്നായിരിക്കും. കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ഗണേഷ് കുമാറിന്റെ നീക്കങ്ങള്‍ക്ക് നിഗൂഢതയുടെ പരിവേഷമുണ്ടായിരുന്നു. മോങ്ങാനിരുന്ന അദ്ദേഹത്തിന്റെ തലയില്‍ വീണ തേങ്ങയായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close