സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

subhash chandran

യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. സ്വന്തം നാടിന്റെ ചരിത്രത്തിലൂടെ അസ്തിത്വം നേടി നടത്തിയ യാത്രയുടെ ഫലമായുണ്ടായ ആദ്യനോവല്‍ മനുഷ്യന് ഒരു ആമുഖം എന്ന കൃതിയായ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി.

ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന. പുസ്തകശാലകളിലും ഓണ്‍ലൈന്‍ സ്‌റ്റോറിലും ഏറ്റവുമധികം ആവശ്യക്കാരുള്ള നോവലുകളില്‍ ഒന്നായ മനുഷ്യന് ഒരു ആമുഖം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ഈ കൃതിയെ തേടിയെത്തിയിരുന്നു.

മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന്റെഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന ആദ്യ കഥാസമാഹാരത്തിന് 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, അങ്കണം അവാര്‍ഡ്, എസ്.ബി.റ്റി. അവാര്‍ഡ്, വി.പി. ശിവകുമാര്‍കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്റെ പുരസ്‌കാരം, കാലടി ശ്രീശങ്കരാചാര്യ കോളേജ് ജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ധനം മാസിക കേരളത്തിലെ പത്ത് പേഴ്‌സണാലിറ്റി ബ്രാന്‍ഡുകളില്‍ ഒരാളായും ദ വീക്ക് വാരിക വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ഇന്ത്യയിലെ അന്‍പത് യുവാക്കളില്‍ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളില്‍ ഒരാളായും സുഭാഷ് ചന്ദ്രനെതിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തില്‍നിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close