അരവണവിതരണത്തിലെ നിയന്ത്രണം മണ്ഡലകാലം തീരുംവരെ തുടരും

aravana

ശബരിമലയില്‍ അരവണവിതരണത്തിലെ നിയന്ത്രണം മണ്ഡലകാലം തീരുംവരെ തുടരും. 26 ലക്ഷം ടിന്‍ കരുതല്‍ശേഖരവുമായാണ് മണ്ഡലകാലം തുടങ്ങിയത്. എന്നാല്‍ മുന്‍വര്‍ഷത്തെക്കാള്‍ പ്രതിദിനം അമ്പതിനായിരം ടിന്‍ അരവണവീതം ഈവര്‍ഷം കൂടുതല്‍ ആവശ്യമായിവന്നു. ഇതാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. മണ്ഡലകാലം കഴിഞ്ഞാല്‍ നിയന്ത്രണത്തില്‍ ചില ഇളവുകള്‍ വരുത്താന്‍ കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു. നിലവില്‍ നിയന്ത്രണം എര്‍പ്പെടുത്തിയപ്പോള്‍ ഉത്പാദനവും വിതരണവും തുല്യമായി കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരവണയില്‍ ജലാംശം പത്തുശതമാനത്തില്‍ കുറവ് മാത്രമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍മാണഘട്ടത്തില്‍ ഇത് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നിര്‍മാണത്തിനുശേഷമാണ് ഇത് പരിശോധിക്കുന്നത്. കൂടുതല്‍ കുറുക്കി അരവണ നിര്‍മിക്കുന്നതിനാല്‍ പ്രതിദിനം രണ്ടരലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിച്ചിരുന്നിടത്ത് 2.10 ലക്ഷം ടിന്‍ മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ശര്‍ക്കര പാനീയമാക്കിമാറ്റാന്‍ 13 പാനാണ് നിലവിലുള്ളത്. ഒരുസമയം രണ്ടു കൂട്ടിടുന്നിടത്ത് ഇപ്പോള്‍ 2.25 കൂട്ടാണ് ഇടുന്നത്. ഇതിനിടയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാതിരുന്നതിനാല്‍ അഞ്ചുദിവസത്തോളം അരവണ ഉത്പാദനം നിലച്ചിരുന്നു. ഇതും അരവണയുടെ കരുതല്‍ശേഖരത്തില്‍ കുറവുണ്ടാകാന്‍ കാരണമായി. നിലവില്‍ അമ്പതിനായിരം ടിന്‍ അരവണമാത്രമാണ് കരുതല്‍ശേഖരത്തിലുള്ളത്. 10.9 ശതമാനം ജലാംശം കണ്ടു എന്ന കാരണത്താല്‍ പന്തീരായിരത്തോളം അരവണ ടിന്നുകള്‍ വിതരണംചെയ്യാതെ മാറ്റിവെച്ചിട്ടുണ്ട്.
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ അഞ്ചുതവണയാണ് അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ചമാത്രം രണ്ടുതവണ നിയന്ത്രണം ഏര്‍പ്പെടുത്തി. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന അയ്യപ്പഭക്തരെയാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. ശരാശരി 30 മുതല്‍ 100 ടിന്‍ വരെയായിരുന്നു ഇവര്‍ വാങ്ങിയിരുന്നത്. അരവണ വില്പനയില്‍നിന്നുമാത്രം ബോര്‍ഡിന് ഇതുവരെ ലഭിച്ചത് 50 കോടി രൂപയാണ്. നിലവില്‍ മൂന്നുടിന്‍ അരവണവീതം മാത്രമാണ് ഒരാള്‍ക്ക് നല്‍കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഗണ്യമായി കുറയ്ക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close