മദ്യനയത്തിലെ മാറ്റം; സുധീരനെതിരെ കടുത്ത വിമര്‍ശം

bar1

മദ്യനയത്തിലെ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാറും പാര്‍ട്ടി നേതൃത്വവും ഒന്നിച്ചുപോകണമെന്നും രണ്ട് വഴി നീങ്ങുന്നത് തിരഞ്ഞെടുപ്പ് സാധ്യതയെത്തന്നെ ബാധിക്കുമെന്നും എം.എല്‍.എ.മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍കാര്യങ്ങള്‍ക്കായി യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി.
മദ്യനയത്തെ തള്ളിപ്പറയുകയും സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന് വിമര്‍ശിക്കുകയും ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെതിരെ കടുത്ത വിമര്‍ശമാണ് എം.എല്‍.എ.മാര്‍ ഉന്നയിച്ചത്. പ്രതിപക്ഷ നേതാക്കളെക്കാള്‍ കടുത്ത നിലയില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് വിളിക്കണം.

ഫലത്തില്‍ സുധീരനെതിരെയുള്ള കുറ്റപത്രമായി യോഗത്തിലെ വിമര്‍ശങ്ങള്‍ മാറി. കടുത്ത എതിര്‍പ്പുയര്‍ന്നെങ്കിലും പാര്‍ട്ടിയും സര്‍ക്കാറും യോജിച്ച് പോകണമെന്നും അതിനുള്ള അന്തരീക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും എത്തണമെന്നും എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു.

ക്ലിഫ് ഹൗസില്‍ മൂന്ന് മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ 39 എം.എല്‍.എ.മാരില്‍ ഒട്ടുമിക്കവരും പങ്കെടുത്തു. ഗള്‍ഫിലായതിനാല്‍ ടി.എന്‍. പ്രതാപന്‍ എത്തിയില്ല. ഏഴ് എം.എല്‍.എ.മാര്‍ മണ്ഡലങ്ങളിലെ പരിപാടിയും വ്യക്തിപരമായ അസൗകര്യം മൂലവും യോഗത്തിനെത്തില്ലെന്ന് അറിയിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.

ബെന്നി ബഹനാന്റെ ആമുഖത്തോടെയാണ് യോഗം തുടങ്ങിയത്. മദ്യനയത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെതിരെ കെ.പി.സി.സി. പ്രസിഡന്റ് വലിയ വിമര്‍ശമുന്നയിച്ചു. ഇത് വലിയ വിവാദമായപ്പോള്‍ പല എം.എല്‍.എ.മാരും മുഖ്യമന്ത്രിയെ വിളിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ച എല്ലാവരെയും കാണാമെന്ന് അദ്ദേഹം അറിയിച്ചതെന്നായിരുന്നു വിശദീകരണം.
എ, ഐ ഗ്രൂപ്പുകള്‍ സുധീരനെതിരെ കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്. നല്ല നടപടികള്‍ക്കുപോലും സുധീരന്‍ പിന്തുണ നല്‍കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തില്‍ നിലവാരമുള്ള ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കാമെന്ന തന്റെ നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം വരില്ലായിരുന്നുവെന്നും രമേശ് പറഞ്ഞു.

കെ. മുരളീധരന്‍, കെ. ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍ എന്നിങ്ങനെ എ, ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ സുധീരനെ പേരെടുത്ത് പറഞ്ഞുതന്നെ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രതികരണത്തിലെ മൂന്ന് പ്രയോഗങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു എതിര്‍പ്പ്. മദ്യനയംമൂലം ഇനിയും ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന സുധീരന്റെ പ്രതികരണം എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രതികരണം പ്രതിപക്ഷം പോലും പറഞ്ഞിട്ടില്ല. ബാഹ്യശക്തികളാണ് തീരുമാനമെടുക്കുന്നത് എന്ന വാക്കുകള്‍ സര്‍ക്കാറിനെ ഒന്നടങ്കം തള്ളിപ്പറയുന്നതാണ്. ഒരു കെ.പി.സി.സി. പ്രസിഡന്റില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഈ വിമര്‍ശം.

കെ.പി.സി.സി. പ്രസഡന്റിനെ മാറ്റണമെന്ന് അഭിപ്രായമുയര്‍ന്നില്ലെങ്കിലും ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ഉത്തരവാദിത്വമുണ്ടെന്ന സൂചനയും ഉയര്‍ന്നു. പ്രസിഡന്റിനെ പാര്‍ട്ടി തിരഞ്ഞെടുത്തതല്ല. സമവായത്തിലൂടെ നിര്‍ദേശിക്കപ്പെട്ടതുമല്ല. ഹൈക്കമാന്‍ഡ് നിയോഗിച്ചതാണെന്ന അഭിപ്രായത്തിലൂടെ പരോക്ഷമായി ഇക്കാര്യം എം.എല്‍.എ.മാര്‍ സൂചിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close