ഗുരുവായൂര്‍ ആനയോട്ടം: രാമന്‍കുട്ടി ഒന്നാമന്‍


1394654532_1394654532_130314tcrga

ഉത്സവത്തിന്റെ മുന്നോടിയായുള്ള ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി 11-ാം തവണയും വിജയം ആവര്‍ത്തിച്ചു. ഒന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ആവേശത്തില്‍ തലയെടുപ്പുമായി രാമന്‍കുട്ടി ഇക്കുറിയും കുതിച്ചത് റെക്കോര്‍ഡിലേക്ക് തന്നെയായിരുന്നു.

കഴിഞ്ഞവര്‍ഷവും ഒന്നാംസ്ഥാനം രാമന്‍കുട്ടിക്കായിരുന്നു. ആനക്കോട്ടയിലെ മുതിര്‍ന്ന ആനകളില്‍ പേരുകേട്ടതാണ് ഈ 63 കാരന്‍. അച്യുതനാണ് ആനയോട്ടത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചത്. നന്ദിനി മൂന്നാംസ്ഥാനത്തെത്തി. തൊട്ടുപിന്നിലായി ഗോപീകൃഷ്ണനും ദാമോദര്‍ദാസുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രം നാഴികമണി മൂന്നടിച്ചതോടെ ആനയോട്ടച്ചടങ്ങുകള്‍ തുടങ്ങി. പാരമ്പര്യാവകാശികളായ കണ്ടിയൂര്‍പ്പട്ടത്ത് വാസുദേവന്‍ നമ്പീശനും മാതേമ്പാട്ട് വേണുഗോപാലനമ്പ്യാരും ആനകള്‍ക്ക് അണിയാനുള്ള കുടമണികള്‍ പാപ്പാന്‍മാര്‍ക്ക് കൈമാറി. കുടമണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാലിലേക്ക് കുതിച്ചു. ആ സമയം തടിച്ചുകൂടിയ ജനം ആരവം മുഴക്കി.

മഞ്ജുളാലിനു മുന്നില്‍ 26 ആനകളെയായിരുന്നു ആനയോട്ടത്തിനായി ഒരുക്കിനിര്‍ത്തിയിരുന്നത്. ആനകള്‍ക്ക് മണികള്‍ അണിയിച്ചശേഷം മാരാര്‍ ശംഖ് വിളിച്ചതോടെ ഓട്ടം ആരംഭിച്ചു. തുടക്കത്തിലെ രാമന്‍കുട്ടി തന്നെ മുന്നിലേക്ക് കുതിച്ചു. അച്യുതനും നന്ദിനിയും ഗോപീകൃഷ്ണനും ദാമോദര്‍ദാസുമൊക്കെ പിന്നില്‍ ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും ഇനിയും എത്രയോ അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കും വിധമായിരുന്നു രാമന്‍കുട്ടിയുടെ പ്രകടനം. ക്ഷേത്രത്തിനു മുന്നില്‍ കല്യാണമണ്ഡപങ്ങള്‍ക്കടുത്തെത്തുമ്പോഴേക്കും ആളുകള്‍ രാമന്‍കുട്ടിയെ ആര്‍പ്പുവിളച്ച് ഹരംപിടിപ്പിച്ചു. ഒട്ടും താമസിച്ചില്ല രാമന്‍കുട്ടി ക്ഷേത്രഗോപുരവാതില്‍ കടന്ന് ജേതാവാകുകയായിരുന്നു. പിന്നാലെ അച്യുതനും നന്ദിനിയും ക്ഷേത്രത്തിനകത്തേക്ക് കടന്നു. പ്രദക്ഷിണത്തിനുശേഷം വിജയിയെ പാരമ്പര്യാവകാശി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നിറപറവെച്ച് സ്വീകരിച്ചു.

കൊപ്പം രാധാകൃഷ്ണനാണ് രാമന്‍കുട്ടിയുടെ ഒന്നാംപാപ്പാന്‍. ആനയോട്ടത്തില്‍ രാമന്‍കുട്ടിയെ മുന്നിലെത്തിക്കാന്‍ മുകളിലിരുന്ന് നിയന്ത്രിച്ചത് പാറശ്ശേരി മണികണ്ഠനായിരുന്നു. 1956ല്‍ പുത്തില്ലത്ത് രാമന്‍നമ്പൂതിരി നടയിരുത്തിയ ആനയാണ് രാമന്‍കുട്ടി. ഇനി ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാന്‍ പത്തുദിവസവും രാമന്‍കുട്ടി ക്ഷേത്രത്തിനകത്ത് ഉണ്ടാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close