ജമ്മു കശ്മീരില്‍ തൂക്കുസഭ: ബി.ജെ.പിയും പി.ഡി.പിയും ഒപ്പത്തിനൊപ്പം

jammu kashmir

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ജമ്മുകശ്മീരില്‍ ത്രിശങ്കു സഭ. 28 സീറ്റ് നേടിയ പി.ഡി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 25 സീറ്റു നേടി ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചു. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് പതിനഞ്ചു സീറ്റിലൊതുങ്ങി. പതിനൊന്നുസീറ്റ് മാത്രം നേടിയ കോണ്‍ഗ്രസ് നാലാം സ്ഥാനത്തായി. രണ്ടിടത്ത് മല്‍സരിച്ച മുഖ്യന്ത്രി ഒമര്‍ അബ്ദുല്ല സോനാവാറില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയ്ക്ക് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കണമെങ്കില്‍ കോണ്‍ഗ്രസിന്‍റെയോ ബി.ജെ.പിയുടെയോ പിന്തുണ വേണം.

ശക്തമായ ചതുഷ്കോണ മല്‍സരം നടന്ന ജമ്മു കശ്മീരില്‍ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷമില്ലാത്ത ജനവിധി. ശക്തികേന്ദ്രമായ കശ്മീര്‍ താഴ്വരയിലെ പ്രകടനമാണ് പിഡിപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയത്. പി.ഡി.പി നേടിയ 28 സീറ്റുകളില്‍ 25ഉം കശ്മീര്‍ താഴ്വരയില്‍ നിന്നാണ്. എന്നാല്‍ പാര്‍ട്ടിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പിഡിപിയുടെ വിലയിരുത്തല്‍. മിഷന്‍ 44 പ്ലസ് എന്ന പേരില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനിരങ്ങിയ ബി.ജെ.പിയുടെ കുതിപ്പ് 25 സീറ്റില്‍ അവസാനിച്ചു. ജമ്മു മേഖലയില്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് വിജയിക്കാനായത്. കശ്മീര്‍, ലഡാക്ക് പ്രവിശ്യകളില്‍ ഒരു സീറ്റു പോലും ബി.ജെ.പിക്ക് ലഭിച്ചില്ല. എങ്കിലും 2002ല്‍ ഒരു സീറ്റും 2008ല്‍ പതിനൊന്നു സീറ്റും നേടിയ ബി.ജെ.പിയെ സംബന്ധിച്ച് ഈ വിജയത്തിന് തിളക്കമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് നേരിട്ടത്. 15 സീറ്റില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് വിജയിക്കാനായത്.

ഒമര്‍ അബ്ദുള്ളയുള്‍പ്പെടെ പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും പരാജയപ്പെടുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേരിട്ട കനത്ത തോല്‍വി കോണ്‍ഗ്രസ് ജമ്മു കശ്മീരിലും ആവര്‍ത്തിച്ചു. പതിനൊന്നു സീറ്റുമായി കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബീര്‍വയില്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സോനാവാറില്‍ തോറ്റു. ഒമറിനു പുറമേ ഉപമുഖ്യമന്ത്രി താരാചന്ദ്, ധനമന്ത്രി അബ്ദു റഹീം രത്തേര്‍ തുടങ്ങിയവരും പരാജയപ്പെട്ടു. പി‍ഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മുഫ്തി മുഹമ്മദ് സെയ്ദ് അനന്ത് നാഗില്‍ നിന്ന് വിജയിച്ചു. ബി.ജെ.പി പിന്തുണയോടെ മല്‍സരിച്ച പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ ഹന്‍ദ്വാരയില്‍ വിജയിച്ചു. കശ്മീര്‍ താഴ്വരയിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടര്‍ച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തിരക്കിട്ട് സര്‍ക്കാര്‍ രൂപവല്‍ക്കാരിക്കാനില്ലെന്ന നിലപാടിലാണ് പി.ഡി.പി. പി.ഡി.പിയുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പിഡിപി ഇനിയും മനസു തുറന്നിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close