സംവിധായകന്‍ കെ.ബാലചന്ദർ അന്തരിച്ചു

k balachander

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. കടുത്ത പനിയും വാര്‍ധക്യസംബന്ധമായ പ്രശ്‌നങ്ങളും നിമിത്തം ഒരാഴ്ചയായി ചെന്നൈയിലെ കാവേരി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള ബാലചന്ദര്‍ തമിഴ് സിനിമയ്ക്ക് നവ്യഭാവുകത്വം പകര്‍ന്നു നല്‍കിയവരില്‍ മുന്‍ നിരക്കാരനാണ്. കമല്‍ഹാസന്റെയും രജനികാന്തിന്റെയും അഭിനയ ജീവിതം രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ബാലചന്ദര്‍ വഹിച്ചിട്ടുള്ളത്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദര്‍ ചിദംബരത്തെ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. 1960 കളില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ സൂപ്രണ്ടന്റായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്താണ് നാടകത്തിലേക്കും സിനിമയിലേക്കും എത്തുന്നത്.

എം.ജി.ആറിന്റെ ദൈവത്തായി എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദര്‍ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1965 ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തെത്തി. 1975ല്‍ അദ്ദേഹം സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമല്‍ഹാസനും രജനീകാന്തും ഒന്നിച്ച ചിത്രമായിരുന്നു ഇത്.

ഇയക്കുനര്‍ ശിഖരം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ബാലചന്ദര്‍ തമിഴ്, തെലുഗ്, കന്നഡ എന്നിവയ്ക്ക് പുറമെ മലയാളത്തിലും ഹിന്ദിയിലും ഒരോ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980 ല്‍ പുറത്തിറങ്ങിയ തിരകള്‍ എഴുതിയ കാവ്യം ആണ് മലയാള ചിത്രം. 1981ല്‍ പുറത്തിറങ്ങിയ ഏക് ദൂജേ കേ ലിയേ ആണ് ഹിന്ദി ചിത്രം.

1978 ല്‍ ബാലചന്ദര്‍ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസന്‍ തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വന്‍വിജയം നേടിയ ഈ ചിത്രമാണ് 1981 ല്‍ ഏക് ദൂജേ കേ ലിയേ എന്ന പേരില്‍ അദ്ദേഹം ഹിന്ദിയിലെടുത്തത്. 1985ല്‍ അദ്ദേഹം കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത സിന്ധുഭൈരവി ഏറെ ജനപ്രീതി നേടി. 2006ല്‍ പുറത്തു വന്ന പൊയ്’ ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. രെട്ടൈ ചുഴി എന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗത്തും അദ്ദേഹം പ്രതിഭ തെളിയിച്ചു.

കമല്‍ഹാസനും രജനികാന്തിനും പുറമെ പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയില്‍ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുമുണ്ട്. പത്മശ്രീ (1987), ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം (2011) തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close