എ.ടി.എം. ഇടപാടിന് പരിധി: ആര്‍.ബി.ഐ.ക്ക് ഹൈക്കോടതി നോട്ടീസ്‌

atm1

ഓരോമാസത്തെയും സൗജന്യ എ.ടി.എം. ഇടപാടുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതിരെയുള്ള പൊതുതാത്പര്യഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.റിസര്‍വ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കാണ് ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് പി.എസ്. തേജിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചത്. ഫിബ്രവരി 18-നകം പ്രതികരണമറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഓരോമാസവും അഞ്ച് എ.ടി.എം. ഇടപാടുകള്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ഇടപാടിന് 20 രൂപ വീതം ഫീസ് ഈടാക്കുന്നതിനെ കോടതി ചോദ്യംചെയ്തു. അനാവശ്യമായി ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. അക്കൗണ്ടുള്ള ബാങ്കിലെ എ.ടി.എമ്മുകളില്‍ ഇടപാട് പ്രതിമാസം അഞ്ചുതവണയായും അന്യബാങ്ക് എ.ടി.എമ്മുകളില്‍ മൂന്നു തവണയായും പരിമിതപ്പെടുത്താന്‍ കഴിഞ്ഞ ആഗസ്ത് 14-നാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എസ്.ബി.ഐ. ഉള്‍പ്പെടെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഒട്ടേറെ ബാങ്കുകള്‍ ഇതിനകം എ.ടി.എം. ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

അഭിഭാഷകയായ സ്വാതി അഗര്‍വാളാണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തികച്ചും ഏകപക്ഷീയവും അന്യായവുമായ നടപടിയാണിതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര ബാങ്കിങ് രംഗത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് നിലവിലുള്ള അക്കൗണ്ട് ഉടമകളെ പിഴിയുന്ന നയം ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close