ധവാനെ കൊഹ്‌ലി കത്തിയെടുത്ത് കുത്തുകയായിരുന്നു: ധോണി

kohli dhavan

“യഥാര്‍ത്ഥത്തില്‍ ഡ്രസ്സിംഗ് റൂമില്‍ എന്താണ് സംഭവിച്ചതെന്നുവെച്ചാല്‍ കൊഹ്‌ലി ഒരു കത്തിയെടുത്ത് ധവാനെ കുത്തുകയായിരുന്നു. കത്തിക്കുത്തില്‍ പരിക്കേറ്റ ധവാന്‍ അതില്‍ നിന്ന് മോചിതനായശേഷമാണ് ബ്രിസ്ബേന്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്”. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍-കൊഹ്‌ലി തര്‍ക്കത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മറുപടിയായിരുന്നു ഇത്.

എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ ധോണി വാര്‍ണര്‍ ബ്രദേഴ്സ് പോലുള്ള വമ്പന്‍ സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് ഇക്കഥയില്‍ നിന്ന് വേണമെങ്കില്‍ മനോഹരമായൊരു സിനിമയുണ്ടാക്കാമെന്നും പരിഹസിച്ചു. ടീമിലെ ആരെങ്കിലുമാണ് ഇത് മാധ്യമങ്ങളോട് പറഞ്ഞതെങ്കില്‍ അതില്‍ കാര്യമുണ്ട്. അങ്ങനെയെങ്കില്‍ പറഞ്ഞതാരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയണം. അങ്ങനെയാരെങ്കിലും പറഞ്ഞതാണെങ്കില്‍ അയാളുടെ ഭാവന സമ്മതിച്ചുകൊടുക്കണം.

അയാള്‍ക്ക് വേണമെങ്കില്‍ എതെങ്കിലും സിനിമാ നിര്‍മാണ കമ്പനിയില്‍ ജോലി നോക്കാവുന്നതാണ്. അത്തരമൊരാള്‍ ഞങ്ങളുടെ ഡ്രസിംഗ് റൂമില്‍ ആവശ്യമില്ല. കാരണം ഒരിക്കലും നടക്കാത്തകാര്യമാണ് അയാള്‍ ഭാവനചെയ്ത് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍കൊണ്ട് ടാബ്ലോയ്ഡുകുളുടെ വില്‍പന കൂട്ടാനായേക്കും. എന്നാല്‍ ഇത്തരമൊരു സംഗതിയേ അവിടെ നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം- ധോണി വിശദികരിച്ചു.

ബ്രിസ്ബേന്‍ ടെസ്റ്റിന്റെ മൂന്നാം ദിനം പരിക്കേറ്റ ധവാന്‍ നാലാം ദിനം തുടക്കത്തില്‍ ക്രീസിലിറങ്ങാന്‍ വിസമ്മതിച്ചുവെന്നും ഇതിനെതിരെ കൊഹ്‌ലി രൂക്ഷമായി പ്രതികരിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ധവാന് പകരം ക്രീസിലെത്തിയ കൊഹ്‌ലി ഒരു റണ്ണെടുത്ത് പുറത്താവുകയും തുടര്‍ന്ന് ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയും ചെയ്തു. ധവാന്റെ പരിക്കിനെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ഡ്രസ്സിംഗ് റൂമില്‍ ചില അസ്വസ്ഥതതകള്‍ ഉണ്ടാക്കിയതായി മത്സരശേഷം ധോണി വിശദീകരിക്കുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close