രാക്ഷസത്തിരമാലകളുടെ സംഹാരതാണ്ഡവത്തിന് പത്തു വയസ്‌

tsunami

ലോകത്തെ നടുക്കിയ സുനാമി ദുരന്തം ഉണ്ടായിട്ട് പത്തുവര്‍ഷം. രണ്ടുലക്ഷത്തി മുപ്പതിനായിരം പേര്‍ കടലിനു കീഴടങ്ങി മരണത്തിനു വിധിക്കപ്പെട്ട ദിനം. ഇന്തൊനീഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങളില്‍ വരെ ആ ദുരന്തത്തിന്‍റെ അവശേഷിക്കുന്ന ഒാര്‍മകളുണ്ട്. ‌

കടലിന് അന്ന് ചുവപ്പ് നിറമായിരുന്നു. രണ്ടുലക്ഷത്തി മുപ്പതിനായിരം ജീവനുകളെടുത്ത രാക്ഷസന്‍റെ മുഖം. അലറിയെത്തുന്ന ഈ തിരമാലകള്‍ ഇന്നും ഭീതികരമായൊരു കാഴ്ചയാണ്. ലോകം അതിനെ സുനാമിയെന്നും രാക്ഷസത്തിരമാലയെന്നും പേരിട്ടുവിളിച്ചു.

ദുരന്തം 10വര്‍ഷം പിന്നിടുന്പോഴും അതിന്‍റെ മുറിപ്പാടുകള്‍ ഒരു ഒാര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്ത്യൊനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്്ലന്‍ഡിന്‍റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല. മഹാഭാരതത്തില്‍ കേട്ടിട്ടുള്ള ദ്വാരകയുടെ തകര്‍ച്ച, ബൈബിളിലെ നോഹയുടെ കാലഘട്ടം. കേട്ടറിഞ്ഞിട്ടുള്ള ദുരന്തങ്ങളെ മനുഷ്യന് അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ആ രംഗം ലോകത്തിന് ഇന്നുമൊരു കണ്ണീരാൡണ്. അതിന്‍റെ അവശേഷിപ്പുകള്‍ കണ്‍മുന്നിലുണ്ട്. തായ്്ലന്‍ഡിലെ ബാങ്കോക്കില്‍ മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന 1200 അനാഥക്കുട്ടികള്‍. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍. ശ്രീലങ്കയിലെ ഗള്ളിയില്‍ താമസിക്കുന്ന ജനത ആ ദുരന്തം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്നും മുക്തിനേടിയിട്ടില്ല.

ഇവിടെ ഇന്ത്യയിലെ കാഴ്ചയും വ്യത്യസ്ഥമല്ല. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികിത്സതേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തംവിതറിയ നാഗപ്പട്ടണത്തിന്‍റെ അവശേഷിപ്പുകളായി 200ഒാളം അനാഥക്കുട്ടികള്‍. ഡിസംബര്‍ 26 ഇവര്‍ക്കെല്ലാം ഒാര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ്. അന്നത്തെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദുരന്തനിവാരണ നടപടികളിലൂടെ അതിനെയെല്ലാം മറികടക്കാന്‍ ശ്രമിച്ചു. വീടുനഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കി. ഇന്ത്യോനേഷ്യ ഇന്നും ആ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തിവരുന്നു. വിശപ്പടങ്ങാതെ അലറിവിളിക്കുന്ന രാക്ഷസത്തിരയുടെ രൗദ്രഭാവം പിന്നീട് ജപ്പാനിലും കണ്ടു. സുനാമിയെ അതിജീവിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ പല നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ആ പേരുപോലും ലോകത്തെ ഇന്നും നടുക്കുകയാണ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close