റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി

modi varanasi1

റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച എഞ്ചിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാല് റെയില്‍വെ സര്‍വകലാശാലകള്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അമ്പത് വര്‍ഷം കൊണ്ട് കൈവരിച്ച വികസനത്തേക്കാള്‍ വലിയ നേട്ടങ്ങള്‍ വരും ദിവസങ്ങളില്‍ കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെയില്‍വെ ഒരു ഗതാഗത മാര്‍ഗം മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ല് കൂടിയാണത്. റെയില്‍വെയുടെ വികസനം വഴി രാഷ്ട്ര വികസനമാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. റെയില്‍വെയെ വേണ്ടരീതിയില്‍ വിനിയോഗിച്ചാല്‍ നമുക്ക് വികസനം ഗ്രാമങ്ങളിലും എത്തിക്കാനാവും. റെയില്‍വെയുടെ സൗകര്യങ്ങള്‍ മറ്റ് വികസനകാര്യങ്ങങ്ങള്‍ക്കുവേണ്ടിയും വിനിയോഗിക്കാനാകും. ഗ്രാമങ്ങളിലെ റെയില്‍വെ സ്‌റ്റേഷനുകളോട് ചേര്‍ന്ന് രണ്ടോ മൂന്നോ മുറികള്‍ നിര്‍മിച്ചാല്‍ അവിടെ യുവാക്കള്‍ക്കായി നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനാകും.

ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകണമെങ്കില്‍ റെയില്‍വെയുടെ വികസനത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. നിലവില്‍ റോഡുകള്‍ക്കും പാവപ്പെട്ടവരുടെ ആസ്പത്രികള്‍ക്കും വേണ്ട പണം റെയില്‍വെയെ നിലനിര്‍ത്താനായി വക മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് എത്ര കാലം തുടരാനാകും. ഈ അവസ്ഥ മാറണം. ധനികരുടെ പണം വേണം റെയില്‍വെയില്‍ നിക്ഷേപിക്കാന്‍. റെയില്‍വെ സ്വകാര്യവത്കരിക്കുകയല്ല, ലോകത്തിലെ ധനം റെയില്‍വെയില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റെയില്‍വെ സ്വകാര്യവത്കരിക്കും എന്നത് കുപ്രചരണം മാത്രമാണ്-പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും ചടങ്ങില്‍ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close