കത്തോലിക്കാ സഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

pope fransis

കത്തോലിക്കാ സഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയിലെ ചിലര്‍ക്കെങ്കിലും അധികാരക്കൊതിയും ആത്മീയ മറവിരോഗവും ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രിസ്മസിനു മുന്നോടിയായി നല്‍കിയ വാര്‍ഷിക സന്ദേശത്തിലാണ് പോപ്പ് കത്തോലിക്കാ സഭയുടെ ഭരണകാര്യാലയമായ കൂരിയയെ നിശിതമായി വിമര്‍ശിച്ചത്.

കര്‍ദിനാള്‍മാരടക്കമുള്ള സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച മാര്‍പാപ്പ, കൂരിയയെ ബാധിച്ചിരിക്കുന്ന പതിനഞ്ചുകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു. സ്വന്തം സഹപ്രവര്‍ത്തകരുടെയും സഹോദരങ്ങളുടേയും യശസ്സ് നശിപ്പിച്ചുകൊണ്ടുപേലും അധികാരത്തിനായി വടംവലിനടത്തുന്നവര്‍ കൂരിയയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒത്തൊരുമയും സംഘബോധവുമില്ലാത്ത അപശബ്ദം മാത്രം നിറഞ്ഞ സംഗീതപരിപാടിയോടാണ് അദ്ദേഹം കൂരിയയിലെ ജീവനക്കാരെ ഉപമിച്ചത്. പരദൂഷണവും പ്രശസ്തിക്കായുള്ള പരക്കംപാച്ചിലും താന്‍ അനശ്വരനാണെന്ന ചിന്തയും ഒട്ടേറെപ്പേരുടെ മനസുകളെ ദുഷിപ്പിച്ചിട്ടുണ്ട്. പുതുവര്‍ഷത്തോടെ ഇവയില്‍ നിന്നു മോചിതരാകാന്‍ ഏവര്‍ക്കും കഴിയട്ടേയെന്ന് അദ്ദേഹം ആശീര്‍വദിച്ചു.

കൂരിയ പുനസംഘടിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചുമതലയേറ്റ മാര്‍പാപ്പ ഇതിനുമുന്പും വത്തിക്കാന്‍ ഭരണസംവിധാനത്തിലെ തെറ്റുകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. സല്‍പ്പേര് നഷ്ടപ്പെട്ടിരുന്ന വത്തിക്കാന്‍ ബാങ്കിനെ ശുദ്ധീകരിക്കാന്‍ നടപടിയെടുത്തതും അദ്ദേഹത്തിന്‍റെ സുരക്ഷാചുമതലയുള്ള സ്വിസ് ഗാര്‍ഡിന്‍റെ തലവനെ മാറ്റിയതുമെല്ലാം ഇതിന്‍റെ ഭാഗമായിട്ടായിരുന്നു. ഇറ്റലിക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നതഭരണസമിതിയുടെ ചില അഹിതമായ നീക്കങ്ങളാണ് ആറു നൂറ്റാണ്ടിനിടയില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ഒരു മാര്‍പാപ്പയെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close