ജമ്മുകശ്മീരില്‍ സഖ്യതീരുമാനം വൈകുന്നു

jammu kashmir1

ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി.യുമായി സഹകരണത്തിന് സന്നദ്ധത സൂചിപ്പിച്ച പി.ഡി.പി. സുപ്രധാന തര്‍ക്കവിഷയങ്ങള്‍ ഉപാധിയാക്കി വിലപേശുന്നു. ഇതോടെ സഖ്യം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. അതേസമയം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ പിന്തുണ രേഖാമൂലം ലഭിച്ചിട്ടില്ലെന്നും പിന്തുണ തള്ളിയെന്ന വാര്‍ത്ത ശരിയല്ലെന്നും പി.ഡി.പി. നേതൃത്വം വ്യക്തമാക്കി.
പ്രത്യേക ഭരണഘടനാപദവി നല്‍കുന്ന 370-ാം വകുപ്പ് നിലനിര്‍ത്തുക, സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്ഫ) പിന്‍വലിക്കുക എന്നീ വിഷയങ്ങളില്‍ സഖ്യം ചേരാനെത്തുന്ന കക്ഷി ഉറപ്പുനല്‍കണമെന്നാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പി.യുടെ ആവശ്യം.
87 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുനേടിയാണ് പി.ഡി.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 25 സീറ്റുകള്‍ നേടിയ ബി.ജെ.പി.യാണ് രണ്ടാമത്തെ കക്ഷി. ജനവരി ഒന്നിനകം സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച നിലപാടറിയിക്കണമെന്ന് രണ്ട് പാര്‍ട്ടികളോടും ഗവര്‍ണര്‍ എന്‍.എന്‍. വോറ ആവശ്യപ്പെട്ടിട്ടുണ്ട്.
പി.ഡി.പി. അധ്യക്ഷന്‍ മുഫ്തിമുഹമ്മദ് സെയ്ദിനെ ആറുവര്‍ഷവും മുഖ്യമന്ത്രിയായിരുത്തുക, പാര്‍ട്ടിയുടെ സ്വയംഭരണ നിര്‍ദേശത്തെ ആദരിക്കുക, ജമ്മുകശ്മീരിലെ പ്രളയബാധിത മേഖലകള്‍ക്ക് സമഗ്ര സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് നയീം അഖ്തര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്ന പാര്‍ട്ടി ഏതായാലും അതിനോട് സഖ്യംചേരുമെന്ന് അദ്ദേഹം പറഞ്ഞു.
പി.ഡി.പി.യോട് സഖ്യം ചേരാന്‍ ബി.ജെ.പി. താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇതിന് സന്നദ്ധതയറിയിച്ചിട്ടുണ്ടെന്ന് അഖ്തര്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ നിരുപാധിക പിന്തുണ വാഗ്ദാനത്തെക്കുറിച്ചുള്ള അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് അഖ്തര്‍ പ്രതികരിച്ചു. വാഗ്ദാനം കിട്ടിയാല്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മധ്യസ്ഥന്‍വഴി ഇക്കാര്യം വാക്കാല്‍ പി.ഡി.പി.യെ അറിയിച്ചെന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള പറഞ്ഞത്.
ബി.ജെ.പി.യുമായുള്ള സഖ്യം പി.ഡി.പി.യെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. അതേസമയം, ജമ്മുകശ്മീരില്‍ സുപ്രധാനമായ ജനപിന്തുണ കിട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പി. പങ്കുവഹിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. പി.ഡി.പി.ക്കും നാഷണല്‍ കോണ്‍ഫ്രന്‍സിനും ജനപിന്തുണ കിട്ടിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി പി.ഡി.പി.യും നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് ജെ.ഡി.-യു നേതാവ് ശരത് യാദവ് അഭിപ്രായപ്പെട്ടു. ബി.ജെ.പി. സംസ്ഥാനത്ത് അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസ്സും പി.ഡി.പി.യും നാഷണല്‍ കോണ്‍ഫ്രന്‍സും സ്വതന്ത്രരും ഒന്നിക്കണമെന്ന് സി.പി.എം. എം.എല്‍.എ. എം.വൈ. തരിഗാമിയും അഭ്യര്‍ഥിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close