ബെംഗളൂരുവില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

bengaluru blast

ബെംഗളൂരുവിലെ തിരക്കേറിയ ബ്രിഗേഡ് റോഡിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയുണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കോക്കനട്ട് ഗ്രോവ് റെസ്‌റ്റോറന്റിന് മുന്നിലാണ് എട്ടരയോടെ സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി ഭവാനി (38) എന്ന സ്ത്രീയാണ് ആസ്പത്രിയില്‍ മരിച്ചത്. ഭവാനിയുടെ ബന്ധുവായ കാര്‍ത്തിക്ക് (21), സന്ദീപ് എച്ച്. (39), വിനയ് (35) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മല്യ ഹോസ്പിറ്റല്‍, ഹോസ്മത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ചോദ്യം ചെയ്യുന്നതിനായി റെസ്‌റ്റോറന്റ് സെക്യൂരിറ്റി ഗാര്‍ഡിനെയും പരിസരത്തെ പാന്‍മസാല വ്യാപാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംശയത്തെത്തുടര്‍ന്ന് ആറുപേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് അമോണിയം നൈട്രേറ്റും സ്റ്റീല്‍ ചീളുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.
ഞായറാഴ്ചയായതിനാല്‍ ചര്‍ച്ച് റോഡില്‍ തിരക്ക് കൂടുതലായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം നടന്നത്. റെസ്‌റ്റോറന്‍റിന് മുന്നിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

ക്രിസ്മസ് ആഘോഷത്തിനായാണ് ഭവാനിയും കുടുംബവും ബെംഗളൂരുവിലെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. റെസ്‌റ്റോറന്റിെന്റ വാതിലിന് മുന്നില്‍ തെലുങ്ക് പത്രത്തില്‍ പൊതിഞ്ഞാണ് ബോംബ് വെച്ചതെന്നാണ് കരുതുന്നത്.

തീവ്രതകുറഞ്ഞ സ്‌ഫോടനമാണെന്നും ഐ.ഇ.ഡി.യാണ് ഇതിനായി ഉപയോഗിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു.

സ്‌ഫോടനംനടന്ന ഉടനെത്തന്നെ പ്രദേശം പോലീസ് വളഞ്ഞു. ചര്‍ച്ച് റോഡിലേക്കുള്ള പ്രവേശനം ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. എം.ജി. റോഡില്‍നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കി. സ്‌ഫോടനത്തെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ആഭ്യന്തരസുരക്ഷാസേനയും കര്‍ണാടക സായുധസേനാ വിഭാഗവും സ്ഥലത്തെത്തി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മല്ലേശ്വരത്ത് ബി.ജെ.പി. ഓഫീസിന് സമീപത്തുണ്ടായ സ്‌ഫോടനത്തിന് സമാനമായ സ്‌ഫോടനമാണ് ചര്‍ച്ച് റോഡിലും നടന്നതെന്ന് പോലീസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close