കത്തിയ കപ്പലിലെ അഞ്ചുപേര്‍ മരിച്ചു; മറ്റുള്ളവരെ രക്ഷിച്ചു

അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച ഗ്രീക്ക് കപ്പലിലെ അഞ്ച് യാത്രക്കാര്‍ മരിച്ചു. ബാക്കിയാത്രക്കാരെ 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് ഇറ്റലി അന്വേഷണമാരംഭിച്ചു.

ഞയറാഴ്ച ഗ്രീസിലെ പട്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് 478 യാത്രക്കാരുമായി പോയ ‘നോര്‍മന്‍ അറ്റ്‌ലാന്റിക്’ എന്ന കപ്പലാണ് അഡ്രിയാറ്റിക് കടലില്‍ തീപിടിച്ചത്.

ഇറ്റലിയും ഗ്രീസും അല്‍ബേനിയയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് യാത്രക്കാരെ രക്ഷിക്കാനായത്. കപ്പലിന്റെ താഴെയുള്ള കാര്‍ഡെക്കിന് തീപിടിച്ചതിനാല്‍ യാത്രക്കാരെല്ലാം മുകള്‍ ഡെക്കില്‍ കൂടി. കൊടുംതണുപ്പില്‍ ശരീരതാപനില താഴ്ന്നും പുകശ്വസിച്ചും ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടായി. ഇവരെ സഹായിക്കാന്‍ തിങ്കളാഴ്ച രാവിലെതന്നെ കപ്പലിലേക്ക് മെഡിക്കല്‍ സംഘത്തെ ഹെലിക്കോപ്റ്റര്‍ വഴി ഇറക്കി.

മൂടല്‍മഞ്ഞും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കത്തുന്ന കപ്പലിനടുത്ത് കപ്പലെത്തിച്ച് ആളുകളെ അതിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അതുപേക്ഷിച്ചു. ഹെലിക്കോപ്റ്ററില്‍ രണ്ടുപേരെ വീതം രക്ഷപ്പെടുത്തി മറ്റൊരുഭാഗത്തു നങ്കൂരമിട്ടിരിക്കുന്ന നാവികസേനാ കപ്പലിലെത്തിക്കുകയാണ് ചെയ്തത്. ഞായറാഴ്ച രാത്രിയും രക്ഷാപ്രവര്‍ത്തനം നടന്നു. തിങ്കളാഴ്ച ഇറ്റലി നാവികസേനയുടെ മറ്റൊരു കപ്പല്‍ കൂടിയെത്തിയതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി. അഡ്രിയാറ്റിക്കിലൂടെ പോവുകയായിരുന്ന ചരക്കുകപ്പലുകളും തീരരക്ഷാസേനയുടെ കപ്പലുകളും തീപിടിച്ച കപ്പലിന് ചുറ്റുമിട്ട് കാറ്റിനെതിരെ പ്രതിരോധം തീര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

49 യാത്രക്കാരെ അടുത്തുകൂടെപ്പോയ ചരക്കുകപ്പല്‍ രക്ഷിച്ച് തിങ്കളാഴ്ച തെക്കന്‍ ഇറ്റലിയിലെ ബാരി തുറമുഖത്തെത്തിച്ചു. ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ബോട്ടിന്റെ ചരടില്‍ കുരുങ്ങിയാണ് ഒരാള്‍ ഞായറാഴ്ച മരിച്ചത്. മറ്റ് നാലുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കടലില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.

കപ്പലില്‍ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കാര്‍ ഡെക്കില്‍ ഇന്ധന ടാങ്കറുകള്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close