ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചു

dhoni last match

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ സമനിലയ്ക്ക് ശേഷം ബി.സി.സി.ഐ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ധോണിയുടെ വിരമിക്കല്‍ പുറംലോകം അറി‍ഞ്ഞത്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ നയിക്കുകയും ജയങ്ങള്‍ നേടിത്തരുകയും ക്യാപ്റ്റനാണ് ധോണി. എന്നാല്‍ വിദേശത്ത് ധോണി പരാജയമായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വീരോചിത പോരാട്ടത്തോടെയാണ് സമനില നേടിയത്. സമനില നേടിയടെസ്റ്റില്‍ 24റണ്‍സോടെ ധോണി പുറത്താവാതെ നിന്നു. മല്‍സരശേഷം നടത്തിയവാര്‍ത്താസമ്മേളത്തിലൊന്നും വിരമിക്കലിനെക്കുറിച്ചുള്ള സൂചനയുണ്ടായില്ല. ബി.സി.സി.ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ത്യ 60 ടെസ്റ്റില്‍ നയിച്ച ധോണി 27 ജയങ്ങള്‍ നേടിത്തന്നു. 18 ടെസ്റ്റില്‍ തോറ്റു. 27വിജയങ്ങളില്‍ ആറെണ്ണം മാത്രമാണ് വിദേശത്ത് നേടിയത്. 2008ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാണ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ചരിത്രം തീര്‍ത്തത്. ടെസ്റ്റില്‍ ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ടീമാക്കി. 2009ഡിസംബറിലായിരുന്നു ഈ നേട്ടം. ഓസ്ട്രേലിയയ്ക്കെതിരെ പരമ്പരയിലെ 4 ടെസ്റ്റിലും ജയിച്ച ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ്. ഇന്ത്യയില്‍ കളിച്ചപ്പോഴാണ് ഈ നേട്ടം. 2013ല്‍ സൗരവ് ഗംഗുലിയുടെ 21 ജയങ്ങളുടെ റെക്കോര്‍‍ഡ് തിരുത്തി.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര സമനിലയിലാക്കിയ ധോണിക്ക് പിന്നീടുള്ള വിദേശ പരമ്പരകളില്‍ ചുവടു തെറ്റി. വിദേശത്ത് 30ടെസ്റ്റില്‍ ഇന്ത്യ നയിച്ച ധോണി ആറെണ്ണത്തില്‍ ജയിച്ചു. 15 എണ്ണത്തില്‍ തോറ്റു. ഓസ്ട്രേലിയയില്‍ ആറ് ടെസ്റ്റില്‍ അഞ്ചിലും ഇംഗ്ലണ്ടില്‍ 9 ടെസ്റ്റില്‍ ഏഴിലും ന്യൂസീലന്‍ഡില്‍ നാലു ടെസ്റ്റില്‍ ഒന്നിലും ദക്ഷിണാഫ്രിക്കയില്‍ അഞ്ചു ടെസ്റ്റില്‍ രണ്ടിലും ധോണിയുടെകീഴില്‍ ഇന്ത്യ തോറ്റു. എങ്കിലുംഇന്ത്യയെ 60ടെസ്റ്റില്‍ നയിച്ച ധോണി തന്നെയാണ് ടെസ്റ്റില്‍ കൂടുതല്‍കാലം ഇന്ത്യയെ നയിച്ചതും ജയം നേടിത്തന്നതും.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം നാടകീയമായിരുന്നു. ധോണിക്കായി ബി.സി.സി.ഐയാണ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് വിരമിക്കല്‍. മാന്യമായ ഒരു വിടവാങ്ങലിനും ബി.സി.സി.ഐ ധോണിക്ക് അവസരം നല്‍കിയില്ല.

മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ സമനിലനേടിയശേഷമുള്ള ധോണിയുടെ പ്രതികരണമായിരുന്നു ഇത്. മല്‍സരശേഷമോ അതുകഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തിലോ ധോണി വിരമിക്കലിനെക്കുറിിച്ച് ഒരു സൂചനയും നല്‍കിയില്ല. ഇതെല്ലാം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നു എന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പകരം വൈസ് ക്യാപ്റ്റന്‍ വിരാട് കോലി നാലാംടെസ്റ്റില്‍ ടീമിനെ നയിക്കുമെന്നും ബി.സിസിഐ അറിയിച്ചു. 33കാരനായ ധോണി 60ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചു.

90 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കായി വിക്കറ്റിനു മുന്നിലും പിന്നിലും മികവുറ്റ പ്രകടനങ്ങള്‍ നടത്തി. എന്നിട്ടും വിരമിക്കാനുള്ള തീരുമാനം ഇത്രയും അപ്രതീക്ഷിതമാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാവുന്നു. അതു പരന്പരയില്‍ ഒരു മല്‍സരം ശേഷിക്കെ, വീരോചിത യാത്രയപ്പിന് യോഗ്യതയുണ്ടായിട്ടും അതിനു കാത്തുനില്‍ക്കാതെയുള്ള തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാനായേക്കും. വിദേശത്തെ തോല്‍വി കണക്കിലെടുത്ത് ധോണിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. അതൊടൊപ്പം ഐ.പി.എല്‍ വിവാദങ്ങളും പ്രശ്നമായി. ഈ പരന്പരയിലെ രണ്ടാം ടെസ്റ്റിനിടെ ധവാന്‍റെ പരുക്ക് വൈകി അറിയിച്ചതും കോലിയെ പെട്ടെന്ന് ബാറ്റിങ്ങിനിറക്കിയ തീരുമാനവും വിവാദമായിരുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ നായകനിരയില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമായാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്. ഏകദിന, ട്വിന്‍റി20 ലോകകപ്പുകളില്‍ ജേതാക്കളാക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചു. ടെസ്റ്റ് കരിയറില്‍ അത്ര തിളക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയില്ലെങ്കിലും ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ വിജയിപ്പിച്ച നായകന്‍ എന്ന റെക്കോര്‍ഡും ഒടുവില്‍ സ്വന്തമാക്കി.

വര്‍ഷങ്ങള്‍ക്കുമുന്പ് സ്ഥിരതയാര്‍ന്ന ഒരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനെ തേടി നടന്ന ഇന്ത്യന്‍ ടീം സിലക്ടര്‍മാര്‍ ജാര്‍ഖണ്ഡില്‍ നിന്നു കണ്ടെത്തിയ നീളന്‍ മുടിക്കാരന്‍. വിക്കറ്റിന് പിന്നില്‍ മാത്രമല്ല, ബാറ്റുകൊണ്ടും അത്ഭുതങ്ങള്‍ കാട്ടി. കോപ്പി ബുക്ക് ഷോട്ടുകളോ, ക്ലാസിക് ശൈലിയോ ഒരിടത്തും രേഖപ്പെടുത്താത്ത കളിക്കാരന്‍. വെടിക്കെട്ട് ബാറ്റിങ്ങും ഹെലിക്കോപ്റ്റര്‍ ഷോട്ടും കൊണ്ടും കളിക്കളത്തെ കോരിത്തരിപ്പിച്ച നിമിഷങ്ങള്‍ ഒട്ടേറെ കണ്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയുടെ കാലത്ത് ഗാംഗുലിക്ക് ശേഷം ദ്രാവിഡിനെയും കുംബ്ലെയെയും നായകസ്ഥാനത്ത് നിര്‍ത്തി ടീമിനെ കരകയറ്റാനുള്ള ശ്രമത്തിനൊടുവിലാണ് ധോണി ടീമിന്‍റെ തലപ്പത്ത് വരുന്നത്. അന്നുവരെ കാണാത്ത പോരാട്ടവീര്യത്തിന്‍റെ മുഖവുമായി, ആത്മവിശ്വാസത്തിന്‍റെ പ്രതീകമായി ടീമിനെ തോളിലേറ്റി വിജയത്തിലെത്തിച്ച എത്രയോ നിമിഷങ്ങള്‍.

ക്യാപ്സൂള്‍ ക്രിക്കറ്റിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ കെട്ടടങ്ങുന്നതിനുമുമ്പേ ട്വന്‍റി ട്വന്‍റിയുടെ ലോകകിരീടം നേടി ധോണിയും സംഘവും വിക്ടറിലാപ് നടത്തിക്കഴിഞ്ഞിരുന്നു. അവിടെ തുടങ്ങുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സുവര്‍ണകാലഘട്ടം. കപില്‍ദേവും സുനില്‍ ഗാവസ്കറും അടങ്ങിയ ഇതിഹാസങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാട്ടിത്തന്ന ഏകദിനത്തിലെ ലോകകിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത് ധോണിയുടെ സംഘമാണ്. ഐപിഎല്‍ ഒത്തുകളിയും സ്വന്തംപേരിലുയര്‍ന്ന വിവാദങ്ങളും വേട്ടയാടിയപ്പോഴും പതറാതെ മുന്നേറി. അവിടെയും പക്ഷേ ധോണി സമാനതകളില്ലാത്തവനാണ്. തല്ലാനൊരു ബാറ്റും എവറസ്റ്റിനോളം പോന്ന ആത്മവിശ്വാസവും കരുത്തുമാണ് ധോണിയെ ടെസ്റ്റിലും നായകനാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഒന്നാംറാങ്കിലെത്തിച്ചതും ചരിത്രം. ടെസ്റ്റിലെ ബാറ്റിങ് കണക്കില്‍ അത്ര തിളക്കമുള്ള നേട്ടങ്ങള്‍ ഇല്ലെങ്കിലും നായകനെന്ന നിലയില്‍ തലയെടുപ്പോടെയാണ് നിന്നത്. ഒടുവില്‍ ഒാസീസ് പരമ്പരയിലെ തോല്‍വി വിരമിക്കല്‍ പ്രഖ്യാപനത്തിലേയ്ക്ക് നീങ്ങിയെങ്കിലും വരുന്ന ഏകദിന ലോകകപ്പ് ധോണിയുടെ മറ്റൊരു അത്ഭുതത്തിനായി കാത്തിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close