പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ വിജ്ഞാപനമിറങ്ങി

 

bar1

കഴിഞ്ഞ മാര്‍ച്ചില്‍ പൂട്ടിയ 418 ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് അപേക്ഷ നല്‍കാം.

ശുചിത്വം പാലിക്കണം, ബാറുകളില്‍ ജോലിചെയ്തിരുന്ന അംഗീകൃത തൊഴിലാളികള്‍ക്ക് ജോലി നല്‍കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍.

എക്‌സൈസ് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുക. ശുചിത്വം മാത്രം പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവാര പരിശോധന എന്ന മുന്‍ നിബന്ധന ഒഴിവാക്കിയ സാഹചര്യത്തില്‍ പൂട്ടിക്കിടക്കുന്ന ഭൂരിഭാഗം ബാറുകള്‍ക്കും ലൈസന്‍സ് ലഭിക്കാനിടയുണ്ട്. പത്തില്‍ താഴെ ബാറുകള്‍ മാത്രമാണ് ശുചിത്വമില്ലാത്തതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. പഴയ ബാര്‍ ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ് ലെസന്‍സ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചവയ്ക്ക് പുതിയ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അപേക്ഷിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്.

പുതിയ ലൈസന്‍സായി നല്‍കുകയാണെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ഉള്‍പ്പെടെ വേണ്ടിവരും. ഇതൊഴിവാക്കുന്നതിനുവേണ്ടിയാണ് ലൈസന്‍സ് തുടര്‍ച്ചയെന്നോണം നല്‍കുന്നത്. മുമ്പ് നിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം ബാറുകളും നവീകരിച്ചിരുന്നു.

എക്‌സൈസ് ജില്ലാ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ് ശുചിത്വപരിശോധനയുടെ ചുമതല. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍മാരാകും ബാറുകള്‍ പരിശോധിക്കുക. പരിശോധന കഴിഞ്ഞാല്‍ ലൈസന്‍സിക്ക് ബിയര്‍-വൈന്‍ പാര്‍ലറിനുള്ള അപേക്ഷ സമര്‍പ്പിക്കാം . നാലുലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ലൈസന്‍സികള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഉത്തരവ് പ്രകാരം 2014 മാര്‍ച്ചില്‍ എഫ്.എല്‍. 3 ലൈസന്‍സുണ്ടായിരുന്നവര്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അര്‍ഹതയുണ്ട്.
പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയപ്പോള്‍ 21 ഹോട്ടലുകള്‍ മാത്രമാണ് അര്‍ഹത നേടിയത്. തുടര്‍ന്ന് കോടതി വിധിയുടെ ആനുകൂല്യത്തിലാണ് നിലവിലെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close