ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി

 

shivagiri1

ലോകത്ത് ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ ഭിന്നതയും വിയോജിപ്പും ശക്തമായി വരുന്ന കാലഘട്ടത്തില്‍ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശത്തിന് മുമ്പെന്നെക്കാളും ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.

82-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരു തന്റെ ജീവിതം മുഴുവന്‍ നിശബ്ദരായ ഒരു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പ്രവര്‍ത്തിച്ചു. സാമൂഹികനീതിയും സമത്വവും എളുപ്പത്തില്‍ നേടിയെടുക്കാനുള്ള വഴി അടിസ്ഥാന വിദ്യാഭ്യാസമാണെന്ന് ഗുരു കണ്ടെത്തിയിരുന്നു. ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുകയെന്നതാണ് നമ്മുടെ കടമയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച ജീവിതദര്‍ശനം ലോകത്തിന് നല്‍കിയ മഹാഗുരുവാണ് ശ്രീനാരായണഗുരുവെന്ന് മുഖ്യാതിഥിയായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നാണ് ഗുരു ആഹ്വാനം ചെയ്തത്. വര്‍ത്തമാനകാല സാമൂഹിക സാഹചര്യങ്ങളില്‍ മതപരമായ ഭിന്നിപ്പും അകല്‍ച്ചയും വര്‍ധിച്ചുവരുന്നു. ഇതിനെതിരായ ഏക മരുന്ന് ഗുരുദേവ തത്വങ്ങളാണ്. വിവാഹത്തിന്റെയും ഉത്സവത്തിന്റെയും പേരിലുള്ള ധൂര്‍ത്ത് മനുഷ്യനെ കടക്കെണിയിലും സാമൂഹിക വിപത്തിലും കൊണ്ടെത്തിക്കും. ലാളിത്യം മുഖമുദ്രയാക്കിയ ഗുരുദേവന്റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട് ഇവ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവദശകത്തിലെ പത്ത് ശ്ലോകങ്ങള്‍ ലോകത്തിന് മുഴുവന്‍ വെളിച്ചം പകരുതാണ്. ദൈവദശകം പോലെ മനുഷ്യന് കരുത്ത് പകരുന്ന ദൈവസ്തുതി മറ്റെങ്ങും കാണാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആധ്യക്ഷ്യം വഹിച്ചു. തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വര്‍ക്കല കഹാര്‍ എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. ഗവര്‍ണറും മന്ത്രി രമേശ് ചെന്നിത്തലയും ദൈവദശക രചനയിലും പങ്കാളികളായി.സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന തീര്‍ത്ഥാടനത്തിന് തുടക്കമായത്. ബുധനാഴ്ച രാവിലെ 4.30ന് തീര്‍ത്ഥാടക ഘോഷയാത്രയും 9.30ന് തീര്‍ത്ഥാടന സമ്മേളനവും നടക്കും. തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close