പുതുവത്സര സമ്മാനമായി ബി.എസ്.എന്‍.എല്‍ വക കിടിലന്‍ ഓഫര്‍

bsnl

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍. കേരളത്തിലെ ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളെ വലച്ചതായി ആക്ഷേപം. സൗജന്യനിരക്കിലുള്ള സ്‌കീമുകള്‍ ഡിസംബര്‍ 31നും ജനവരി ഒന്നിനും റദ്ദാക്കിയാണ് ഉപഭോക്താക്കളെ വലച്ചത്. എല്ലാവര്‍ക്കും ഇതുസംബന്ധിച്ച് സന്ദേശം അയച്ചതായി പറയുന്നുണ്ടെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല. വിവരങ്ങളറിയാന്‍ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാലും നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്.

31-ന് രാവിലെ ഫോണ്‍ വിളിക്കാന്‍ നോക്കുമ്പോള്‍ പലര്‍ക്കും കോള്‍ പോയില്ല. സൗജന്യ നിരക്കിലുള്ള സ്‌കീം പ്രകാരം റീചാര്‍ജ് ചെയ്തവരും മെയിന്‍ അൗണ്ടില്‍ ബാലന്‍സില്ലാത്തവരുമാണ് വെട്ടിലായത്. സാധാരണ എസ്.എം.എസ്സുകള്‍ക്കാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക പതിവ്. ഇത്തവണ അത് വോയ്‌സ് കോളിലേക്കുകൂടി ബാധകമാക്കി. രണ്ടുദിവസം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പത്രമാധ്യമങ്ങളില്‍ക്കൂടി അറിയിപ്പൊന്നും നല്‍കിയിരുന്നില്ല.

135 രൂപ ചാര്‍ജ്‌ചെയ്താല്‍ 350 മിനുട്ട് വിളിക്കാന്‍പറ്റുന്ന സ്‌കീം കേരളത്തില്‍ നാലുലക്ഷത്തോളം പേര്‍ ഉപയോഗിക്കുന്നുണ്ട്. ഇതുപോലെ ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് സൗജന്യമായി വിളിക്കാവുന്ന 341 രൂപയുടെ സ്‌കീമും ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്ലിന്റെ നടപടിയില്‍ ഇത്തരക്കാര്‍ രണ്ടുദിവസം വെട്ടിലായി. ഇതിനു മുമ്പൊരിക്കലും ഇത്തരത്തില്‍ ബി.എസ്.എന്‍.എല്‍. നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.

വര്‍ഷത്തില്‍ സൗജന്യനിരക്കിലുള്ള താരിഫിന് പ്രാബല്യമില്ലാത്ത അഞ്ചു ദിവസങ്ങള്‍ കമ്പനികള്‍ക്ക് ട്രായ് അനുവദിച്ചുകൊടുത്തിട്ടുണ്ട്. ആ അഞ്ച് ദിവസങ്ങള്‍ ഏതൊക്കെയായിരിക്കണമെന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാം. തിരക്കുള്ളതും ആഘോഷമുള്ളതുമായ സന്ദര്‍ഭങ്ങളിലാണ് ഫോണ്‍ കമ്പനികള്‍ ബ്ലാക്ക് ഔട്ട് ദിനങ്ങളായി പ്രഖ്യാപിക്കുക. മുമ്പ് എസ്.എം.എസ്സിന്റെ കാര്യത്തിലല്ലാതെ വോയ്‌സ് കോളിന്റെ കാര്യത്തില്‍ ബി.എസ്.എന്‍.എല്‍. നിയന്ത്രണം കൊണ്ടുവന്നിരുന്നില്ല. ഇത്തവണ നിയന്ത്രണം കൃത്യസമയത്ത് അറിയിക്കാതെ ഉപഭോക്താക്കളെ ദുരിതത്തിലാക്കുകയും ചെയ്തു.

തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസാണ് ഈ നിയന്ത്രണം നടപ്പാക്കിയതെന്നാണ് അറിയുന്നത്. നിയന്ത്രണം ഇന്നും തുടരും. ബുധനാഴ്ച ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സെന്ററുകളിലേക്കും മാര്‍ക്കറ്റിങ് വിഭാഗത്തിലേക്കും ആയിരക്കണക്കിന് പരാതി കോളുകളെത്തി. ഉപഭോക്താക്കളുടെ ചീത്തവിളിയില്‍ ഉദ്യോഗസ്ഥരും വലഞ്ഞു. പലരും ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങളന്വേഷിച്ചു. ഫോണില്‍ പരാതിക്കാര്‍ക്ക് മറുപടിപറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന പരിപാടി. ജനങ്ങളെ വേണ്ട രീതിയില്‍ അറിയിക്കാതെ തിടുക്കത്തില്‍ നടപടി സ്വീകരിച്ചതാണ് ഇത്രയും പരാതിക്കിടയാക്കിയതെന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close