കണ്ണൂരില്‍ കരിങ്കല്‍ ക്വാറിക്കു നേരെ മാവോയിസ്റ്റ് ആക്രമണം

maoist kannur

കണ്ണൂര്‍ നെടുമ്പൊയിലില്‍ കരിങ്കല്‍ ക്വാറിക്കു നേരെ മാവോയിസ്റ്റ് ആക്രമണം. ക്വാറിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത അഞ്ചംഗസംഘം ഫയലുകള്‍ക്ക് തീയിടുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വയനാട്ടിലെ ആദിവാസി കോളനികളില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തൊട്ടടുത്ത വനമേഖലയ്ക്കരികിലെ കരിങ്കല്‍ ക്വാറിക്കു നേരെ ആക്രമണമുണ്ടായത്. ഇരുപത്തിനാലാം മൈലിലെ ന്യൂഭാരത് ക്രഷര്‍ യൂണിറ്റ് പുലര്‍ച്ചെ രണ്ടരയോടെ മാവോയിസ്റ്റുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. വയനാട് ചുരത്തില്‍ വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ അഞ്ചംഗ സായുധ സംഘം ഓഫീസ് കത്തിച്ചു. തെളിവു നശിപ്പിക്കാനായി സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോവുകയും ചെയ്തു. ക്വാറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷമായിരുന്നു ആക്രമണം.

പരിസ്ഥിതിയെ നശിപ്പിക്കുന്ന അനധികൃത ക്വാറികളെ സംരക്ഷിക്കുന്നവരെ ജനകീയ വിചാരണ ചെയ്യുമെന്ന പോസ്റ്ററും സമീപത്ത് പതിച്ചാണ് സംഘം മടങ്ങിയത്. ഈ ക്വാറിക്കെതിരേ നേരത്തെ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. സംഭവമറിഞ്ഞ് നാലുമണിക്കൂറോളം കഴിഞ്ഞാണ് ലോക്കല്‍ പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ വിവരമറിഞ്ഞയുടനെ തണ്ടര്‍ബോള്‍ട്ടും രഹസ്യാന്വേഷണ വിഭാഗവും വനമേഖലയില്‍ പരിശോധന നടത്തി. മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കഴിഞ്ഞ ദിവസം ഇതിനടുത്തുള്ള ചീക്ക്യാട് ആദിവാസി കോളനിയിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close