സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുംബൈയിൽ യാത്രക്കാരുടെ പ്രതിഷേധം

 

mumbai railway station

മധ്യറെയില്‍വേയില്‍ സാങ്കേതികത്തകരാര്‍ മൂലം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയില്‍ സംഘര്‍ഷം. ദിവ റെയില്‍വേ സ്റ്റേഷനില്‍ ക്ഷുഭിതരായ യാത്രക്കാര്‍ തീവണ്ടിക്കു നേരെ കല്ലെറിയുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കല്ലേറില്‍ മോട്ടോര്‍മാന്‍മാര്‍ക്ക് പരിക്കേറ്റതോടെ യൂണിയന്‍ മിന്നല്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് മധ്യറെയില്‍വേയുടെ മെയിന്‍ ലൈനിലും ഹാര്‍ബര്‍ ലൈനിലും ആറു മണിക്കൂറോളം വണ്ടിയോട്ടം മുടങ്ങി.

ദിവയില്‍ ഗതാഗതം തടസ്സപ്പെടുത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതില്‍ പ്രതിഷേധിച്ച് ജനം പോലീസ് ജീപ്പടക്കം മൂന്നു വാഹനങ്ങള്‍ കത്തിച്ചു. താനെ, കല്യാണ്‍ സ്റ്റേഷനുകളിലും യാത്രക്കാര്‍ തീവണ്ടി തടയുകയും റെയില്‍വേയുടെ വസ്തുവകകള്‍ തല്ലി ത്തകര്‍ക്കുകയും ചെയ്തു.

കാലത്ത് ഏഴരയോടെ മുടങ്ങിയ ഗതാഗതം ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ഇതു കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു. മണിക്കൂറുകള്‍ വൈകിയാണ് പലരും ഓഫീസുകളിലെത്തിയത്. പല സ്റ്റേഷനുകളിലും യാത്രക്കാര്‍ ക്ഷുഭിതരായി വസ്തുവകകള്‍ തല്ലി തകര്‍ത്തതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ പൂട്ടി യൂണിഫോം ഉപേക്ഷിച്ച് പുറത്തിറങ്ങി .

ബദ്‌ലാപൂരില്‍ നിന്ന് സി.എസ്.ടിയിലേക്ക് പോകുകയായിരുന്ന സബര്‍ബന്‍ ട്രെയിനിന്റെ പെന്റോഗ്രാം പൊട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. താക്കുര്‍ളി -ഡോംബിവ്‌ലി സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. ഇതോടെ മുംബൈയിലേക്കുള്ള സ്ലോ ട്രാക്കിലെ വണ്ടികള്‍ ഫാസ്റ്റ് ട്രാക്കിലേക്ക് വഴി തിരിച്ചുവിട്ടു. ഈ വണ്ടികള്‍ ദിവ സ്റ്റേഷനില്‍ നിര്‍ത്താന്‍ കഴിയാത്തതിനാലാണ് യാത്രക്കാര്‍ ക്ഷുഭിതരായത്. വണ്ടികള്‍ തിരിച്ചു വിടാന്‍ തുടങ്ങിയതോടെ മറ്റു ലൈനുകളിലെ വണ്ടികളും വൈകാന്‍ തുടങ്ങി. നിര്‍ത്താതെ ഓടിയ വണ്ടികള്‍ക്ക് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് രണ്ട് മോട്ടോര്‍മാന്‍മാരുടെ തലയ്ക്ക് പരിക്കേറ്റു. പോലീസ് സംരക്ഷണത്തോടെയാണ് പിന്നീട് ഇവര്‍ വണ്ടിയോടിക്കാന്‍ തയ്യാറായത്. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി ചര്‍ച്ച നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close