ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ തലയ്ക്ക് വെട്ടേറ്റ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ഓണാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെട്ടേറ്റ് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ചെങ്ങന്നൂര്‍ തിങ്കളാമുറ്റം ആശാരിയേത്ത് ശശിയുടെ മകന് സിജു(28) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ ശരത്(36), ബിജു(40) എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9.30ഓടെ ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളിനു സമീപമാണ് സംഭവം.
കൊളംബിയ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്നതിനിടയിലാണ് ഹാളിന് പുറത്തായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മദ്യം വാങ്ങി നല്‍കുന്നത് സംബന്ധിച്ച് മുമ്പ് സിജുവുമായി ബാറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ മര്‍ദ്ദിച്ചിരുന്നു.ഇതിന്റെ ഒത്തു തീര്‍പ്പിനായി സിജുവിനെ വിളിച്ചു വരുത്തിയതാണെന്ന് പോലീസ് പറയുന്നു.മുന്‍ കരുതലോടെ സിജുവും സംഘം ചേര്‍ന്നാണ് എത്തിയത്. സ്ഥലത്തെത്തിയ സിജുവിനെ പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും തലയ്ക്ക് വെട്ടുകയുമായിരുന്നു. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെങ്ങന്നൂര്‍ മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അവിവാഹിതനായ സിജു ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ സിഐ ആര്.ബിനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു