ഭീകരാക്രമണഭീഷണി: കേരള തീരത്തും അതിജാഗ്രതാ നിര്‍ദേശം

 

gujrat port

ഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കളുമായി വന്ന ബോട്ട് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സാഹചര്യത്തില്‍ കേരള തീരത്തും അതിജാഗ്രതാ നിര്‍ദേശം. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോര മേഖലയുടെ സമുദ്രാതിര്‍ത്തി വരെ തീര സംരക്ഷണ സേനയുടെയും ദക്ഷിണമേഖല നാവികസേനയുടെയും നിരീക്ഷണത്തിലാണ്. ഗുജറാത്ത് തീരം ലക്ഷ്യമാക്കി ബോട്ട് വരുന്നുവെന്ന് 31 ന് സന്ദേശം ലഭിച്ചപ്പോള്‍ മുതല്‍ തീരരക്ഷാ സേനയുടെ ബേപ്പൂര്‍, വിഴിഞ്ഞം കേന്ദ്രങ്ങളില്‍ നിന്ന് നിരീക്ഷണ കപ്പലുകള്‍ പുറംകടലിലേക്ക് നീങ്ങിയിരുന്നു.

അതോടൊപ്പം കൊച്ചി കേന്ദ്രമായ ദക്ഷിണ മേഖലാ നാവികസേനയുടെ റഡാര്‍ സംവിധാനമടക്കമുളള മൂന്ന് കപ്പലുകള്‍ കടലിലുണ്ട്. നിരീക്ഷണത്തിനായി ഡോര്‍ണിയര്‍ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററും രംഗത്തുണ്ടെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് തീരദേശത്തെ പൂര്‍ണമായി റഡാര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ മേഖലകളിലടക്കം ഘട്ടംഘട്ടമായി റഡാര്‍ സ്ഥാപിച്ചു വരികയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് നിരീക്ഷണം. സമുദ്രത്തില്‍ 50 കിലോമീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. വൈപ്പിന്‍ ദ്വീപ്, പൊന്നാനി, കൊല്ലം, കാസര്‍കോട് മേഖലകളെ ബന്ധിപ്പിച്ചുള്ള റഡാര്‍ ശൃംഖല നേരത്തേ നിലവില്‍ വന്നിരുന്നു. ഈ പരിശോധനകള്‍ക്കൊപ്പം കടലോര ജില്ലകളില്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടന്നുവരുന്നുണ്ട്. പട്രോളിങ്ങിനായി ഇവര്‍ക്ക് ബോട്ടുകളും അനുവദിച്ചിരുന്നു. പ്രത്യേക ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടില്ലെങ്കിലും തീരദേശ പോലീസിന്റെ പരിശോധനയും നടന്നുവരുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close