വീരേന്ദര്‍ സെവാഗിന് വീണ്ടും സെഞ്ച്വറി

sehwag

വീരേന്ദര്‍ സെവാഗിന് രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി. ഹരിയാനക്കെതിരായ മല്‍സരത്തില്‍ പുറത്താകാതെ 147 റണ്‍സാണ് സെവാഗ് നേടിയത്. പതിവുശൈലിയില്‍ ബാറ്റുവീശിയ സെവാഗ് 178 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്സറും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നാല്‍പ്പത്തിയൊന്നാമത്തെ സെഞ്ച്വറിയാണ് സെവാഗ് ഹരിയാനയ്ക്കെതിരെ നേടിയത്. 72 റണ്‍സ് നേടിയ രജത് ഭാട്ടിയ ഒഴികെയുള്ള മറ്റ് ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോഴാണ് 82.58 സ്ട്രൈക്ക്റേറ്റോടെ സെവാഗിന്റെ ഒറ്റയാള്‍ പോരാട്ടം ഡല്‍ഹിക്ക് തുണയായത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന സെവാഗിന്റെ മികവില്‍ ഏഴിന് 278 എന്ന നിലയിലാണ് ഡല്‍ഹി. സെവാഗിനെയും ഭാട്ടിയയെയും കൂടാതെ 21 റണ്‍സെടുത്ത ഗൗതം ഗംഭീര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കണ്ടത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ഉന്‍മുക്ത് ചന്ദ് ഇത്തവണ അഞ്ചു റണ്‍സെടുത്ത് പുറത്തായി.

നാലിന് 41 എന്ന നിലയില്‍ ഡല്‍ഹി തകര്‍ച്ച നേരിടുമ്പോള്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സെവാഗും ഭാട്ടിയയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 186 റണ്‍സാണ് നേടിയത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചിലാണ് സെവാഗിന്റെ മികച്ച ബാറ്റിംഗ് പ്രകടനമെന്നത് ശ്രദ്ധേയമാണ്. അടുത്തമാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ ഇടം ലഭിക്കാതിരുന്ന സെവാഗ് രഞ്ജിയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഗുജറാത്തിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സെവാഗ് 105 റണ്‍സ് നേടിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close