പാക് ബോട്ടിലെത്തിയത് ഭീകരര്‍ തന്നെയെന്ന്‍ പ്രതിരോധ മന്ത്രി

manohar parrikar

ഗുജറാത്ത് തീരത്തിനടുത്ത് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് സംശയിക്കത്തക്ക സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

ഇവര്‍ പാകിസ്താന്‍ സൈന്യവും മാരിടൈം ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവര്‍ഷത്തലേന്ന് തീരദേശസേന നടത്തിയ ഓപ്പറേഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
പൊട്ടിത്തെറിച്ച് തകര്‍ന്ന് അറേബ്യന്‍ കടലില്‍ മുങ്ങിയ ബോട്ടിലുണ്ടായിരുന്നവര്‍ കൊള്ളക്കാരോ കള്ളക്കടത്തുകാരോ ആവാമെന്ന വിലയിരുത്തല്‍ മന്ത്രി തള്ളി. ഇവര്‍ ബോട്ടിന് തീയിട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. നാലു പേരും ഉറച്ച തീരുമാനമുള്ളവരും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കാവുന്നവരുമാണ്. അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നതിന് തെളിവുണ്ട്. നാലു പേരും തായ്‌ലന്‍ഡിലെ ചിലരെ ബന്ധപ്പെട്ടിരുന്നു.

മീന്‍പിടിത്തമേഖലയിലോ കൊള്ളക്കാര്‍ സഞ്ചരിക്കുന്ന തിരക്കുള്ള സമുദ്ര പാതയിലൂടെയോ അല്ല പാക് ബോട്ട് വന്നത്. മറ്റെന്തോ ആയിരുന്നു അവരുടെ ലക്ഷ്യം. അതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഇവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊള്ളക്കാരാണെങ്കില്‍ പാകിസ്താന്‍ മാരിടൈം ഉദ്യോഗസ്ഥരും സൈന്യവുമായും സംസാരിക്കേണ്ട ആവശ്യമില്ല.

മയക്കുമരുന്ന് കൊണ്ടുപോകുന്ന സാധാരണ ബോട്ടായാല്‍ അവര്‍ക്ക് ചരക്ക് കടലില്‍ എറിഞ്ഞ ശേഷം കീഴടങ്ങാമായിരുന്നു. അത്രത്തോളം പ്രതിബദ്ധതയില്ലെങ്കില്‍ ആരും സ്വയം ജീവനൊടുക്കാന്‍ തയ്യാറാകില്ല. തീരസേന തടഞ്ഞാല്‍ കൊള്ളക്കാര്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതാനുമാവില്ല.

12 മണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷം തീരരക്ഷാസേന ബോട്ട് കണ്ടെത്തുന്നത് വിജനമായ മേഖലയിലാണ്. എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച സേനയുടെ നടപടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഇരുട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് പൊട്ടിത്തെറിക്കുന്നത് തീരരക്ഷാ സേനയ്ക്കും നഷ്ടങ്ങള്‍ വരുത്തിവെക്കുമായിരുന്നു.

പൊട്ടിത്തെറിച്ച ബോട്ടിനൊപ്പം പുറപ്പെട്ട, രണ്ടാമത്തെ ബോട്ട് പാകിസ്താന്‍ സാമ്പത്തിക മേഖലയിലായിരുന്നുവെന്നും മന്ത്രി മനോഹര്‍ പരീക്കര്‍ ചൂണ്ടിക്കാട്ടി.

പാക് ബോട്ട് തീരരക്ഷാസേന തകര്‍ത്തെന്ന അവകാശവാദം വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ലഭ്യമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, സംഭവത്തെ തള്ളിപ്പറഞ്ഞ പാകിസ്താന്റെ അതേ നിലപാടാണ് കോണ്‍ഗ്രസ്സിനെന്നും ഇത് രാജ്യദ്രോഹമായി കാണണമെന്നും ബി.ജെ.പി. തിരിച്ചടിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close